Kottayam Local

പാലാ നഗരസഭാ യോഗം : മിനിട്‌സ് തയ്യാറാക്കുന്നതില്‍ ഗുരുതരമായ ക്രമക്കേടെന്ന്



പാലാ: നഗരസഭാ കൗണ്‍സിലിലെ മിനിട്‌സ് തയ്യാറാക്കുന്നതില്‍ ഗുരുതരമായ ക്രമക്കേടുള്ളതായി ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ആരോപണം. ഇന്നലെ ചേര്‍ന്ന നഗരസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് ബഹളമുയര്‍ന്നു. കഴിഞ്ഞ കൗണ്‍സിലില്‍, നഗരസഭയില്‍ രണ്ടു ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് എടുത്ത തീരുമാനം മിനിട്‌സില്‍ കാണുന്നില്ലെന്ന ആരോപണവുമായി ബിജെപിയിലെ അഡ്വ. ബിനു പുളിക്കക്കണ്ടമാണ് ആദ്യം ഈ വിഷയം കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. നിയമ പ്രകാരം മാത്രമേ ജീവനക്കാരെ എടുക്കൂവെന്ന് മുനിസിപ്പല്‍ സെക്രട്ടറി കൗണ്‍സിലില്‍ അറിയിച്ചെങ്കിലും ഈ തീരുമാനം മിനിട്‌സില്‍ രേഖപ്പെടുത്തിയില്ലെന്നു ബിനു ചൂണ്ടിക്കാട്ടി. ഇതു വിട്ടുപോയതാണെന്നും ഉടന്‍ ഈ പിശക് പരിഹരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണിയും സെക്രട്ടറി അജയകുമാറും കൗണ്‍സിലിനെ അറിയിച്ചു. കഴിഞ്ഞ കൗണ്‍സിലില്‍ താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം വിട്ടുകളയുകയും കോണ്‍ഗ്രസ് നേതാവായ പ്രഫ. സതീഷ് ചൊള്ളാനി പറയാത്ത കാര്യങ്ങള്‍ പറഞ്ഞെന്ന് ചേര്‍ക്കുകയും ചേര്‍ത്തത് തെറ്റായിപ്പോയെന്ന് കോണ്‍ഗ്രസ് അംഗം തന്നെയായ മിനി പ്രിന്‍സ് കുറ്റപ്പെടുത്തി. ആരുടെ മുഖം രക്ഷിക്കാനാണ് ചെയര്‍പേഴ്‌സണ്‍ ശ്രമിക്കുന്നതെന്ന് ചോദിച്ച മിനി ഇക്കാര്യത്തില്‍ ചെയര്‍പേഴ്‌സണ്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതില്‍ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. മിനിട്‌സ് തയ്യാറാക്കുന്നതില്‍ വീഴ്ചയുണ്ടെന്ന് പ്രതിപക്ഷത്തെ പ്രസാദ് പെരുമ്പള്ളിലും പറഞ്ഞു.
Next Story

RELATED STORIES

Share it