പാര്‍ലമെന്റ് ശീതകാല സമ്മേളനം: 'മതേതരത്വം' ചര്‍ച്ച ചെയ്ത് ആദ്യദിനം

ന്യൂഡല്‍ഹി: കടുത്ത വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഏറ്റുവാങ്ങിയപ്പോള്‍പ്പോലും ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കര്‍ രാജ്യം വിടുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ലോക്‌സഭയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ഏറെ വിവാദമായ, ബോളിവുഡ് താരം ആമിര്‍ഖാന്റെ അസഹിഷ്ണുതാ പരാമര്‍ശത്തിന് പരോക്ഷമായ മറുപടിയായിട്ടാണ് രാജ്‌നാഥ് ഇന്നലെ ലോക്‌സഭയില്‍ പ്രസംഗിച്ചത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്നലെ ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ 125ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സമ്മേളനവും ചര്‍ച്ചയുമായിരുന്നു സഭയില്‍.
മതേതരത്വം രാജ്യത്ത് ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെട്ട വാക്കാണെന്ന് രാജ്‌നാഥ്‌സിങ് പറഞ്ഞു. ഭരണഘടനാ ശില്‍പിയായ അംബേദ്കര്‍ സെക്കുലര്‍, സോഷ്യലിസ്റ്റ് എന്നീ പദങ്ങള്‍ ആമുഖത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമായി വിശ്വസിച്ചിരുന്നില്ല. പിന്നീട് ഇന്ദിരാഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് ഭരണത്തിലിരുന്നപ്പോഴാണ് സെക്കുലര്‍, സോഷ്യലിസ്റ്റ് എന്ന വാക്കുകള്‍ കൂട്ടിച്ചേര്‍ത്തത്. ഭരണഘടനാ ശില്‍പികള്‍ ആമുഖം ഭരണഘടനയുടെ ആത്മാവാണെന്നു വിശ്വസിച്ചിരുന്നെന്നും അതില്‍ മാറ്റംവരുത്തണമെന്ന് ആഗ്രച്ചിരുന്നില്ലെന്നും രാജ്‌നാഥ് പറഞ്ഞു. ഒട്ടേറെ അപമാനവും അധിക്ഷേപവും ഉയര്‍ന്നിട്ടും അംബേദ്കര്‍ സഹിച്ചു. അദ്ദേഹം ഇന്ത്യക്കു വേണ്ടി ജീവിക്കുകയായിരുന്നു. വേണ്ട പരിഗണനകള്‍ ലഭിച്ചില്ലെന്ന് ഒരിക്കല്‍പ്പോലും അദ്ദേഹം പരാതിപ്പെട്ടില്ല. ഇന്ത്യയുടെ മൂല്യവും സംസ്‌കാരവും മനസ്സില്‍ തന്നെ സൂക്ഷിച്ച് ഇന്ത്യയില്‍ തന്നെ ജീവിക്കുമെന്നാണ് അംബേദ്കര്‍ പറഞ്ഞതെന്നും രാജ്‌നാഥ് കൂട്ടിച്ചേര്‍ത്തു. സെക്കുലര്‍ എന്ന വാക്ക് ഹിന്ദിയിലേക്കു പരിഭാഷപ്പെടുത്തുമ്പോള്‍ മതമില്ലായ്മ എന്നല്ലെന്നും വിഭാഗീയതയില്ലായ്മ എന്നാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. വിഭാഗീയതയില്ലായ്മയാണു ശരിയായ നിരപേക്ഷത എന്നും രാജ്‌നാഥ് പറഞ്ഞു.
രാജ്‌നാഥ്‌സിങിന്റെ പ്രസ്താവനയ്‌ക്കെതിരേ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. നിങ്ങള്‍ കാരണമാണ് ജനങ്ങള്‍ രാജ്യം വിട്ടു പോവണമെന്ന് ആഗ്രഹിക്കുന്നതെന്നു പറഞ്ഞ് ഭരണപക്ഷത്തിനു നേരെ പ്രതിപക്ഷം ശബ്ദമുയര്‍ത്തി. ഭരണഘടനാ തത്ത്വങ്ങള്‍ നശിപ്പിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രതികരിച്ചു. ഭരണഘടനാ രൂപീകരണത്തില്‍ ഒരു പങ്കും വഹിക്കാത്തവരാണ് ഇപ്പോള്‍ അതേക്കുറിച്ച് ചര്‍ച്ച നടത്തുന്നതെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ലോക്‌സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിഷേധവുമായി എഴുന്നേറ്റു. ഭരണഘടനയ്ക്കു രൂപം നല്‍കുന്ന വേളയില്‍ സെക്കുലര്‍, സോഷ്യലിസ്റ്റ് എന്നീ രണ്ടു വാക്കുകളും ചേര്‍ക്കാന്‍ അംബേദ്കര്‍ക്കു താല്‍പര്യമുണ്ടായിരുന്നെന്നും അന്നു മറ്റു നേതാക്കള്‍ അനുവദിക്കാതിരുന്നതു കാരണം ചേര്‍ക്കാതിരുന്നതാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
അതിനിടെ, അംബേദ്കറും തങ്ങളും ഈ നാട്ടുകാരാണെന്നും ആര്യന്‍മാരെപ്പോലെ പുറത്തുനിന്നു വന്നവരല്ലെന്നുമുള്ള ഖാര്‍ഗെയുടെ പരാമര്‍ശത്തിനെതിരേ ഭരണപക്ഷവും രംഗത്തെത്തി. ഖാര്‍ഗെയുടെ പരാമര്‍ശത്തിനെതിരേ ബിജെപി എംപി സ്പീക്കര്‍ക്കു കത്തു നല്‍കി.
Next Story

RELATED STORIES

Share it