Flash News

പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്മാറി

പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്മാറി
X



വാഷിങ്ടണ്‍: കാലാവസ്ഥാ വ്യതിയാനം തടയുന്നതിനിയുള്ള പാരിസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറി. കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാവുന്ന വാതകങ്ങളുടെ ബഹിര്‍ഗമനം കുറക്കാന്‍ ലക്ഷ്യമിടുന്ന പാരിസ് ഉടമ്പടിയില്‍ നിന്ന് ഇത്തരം വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ രണ്ടാംസ്ഥാനത്തുള്ള യുഎസ് പിന്‍മാറുന്നത് പാരിസ്ഥിതിക രംഗത്ത് കടുത്ത പ്രത്യാഘാതമുണ്ടാക്കും. 2100നു മുമ്പായി ആഗോള താപനില വ്യാവസായിക വല്‍ക്കരണണത്തിനു മുമ്പുള്ള താപനിലയോടടുത്തേക്ക് കുറച്ചുകൊണ്ടുവരാനുള്ള പാരിസ് കരാറിന്റെ ലക്ഷ്യം പരാജയപ്പെടാനും യുഎസിന്റെ നീക്കം കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നികര്വാഗെയും സിറിയയും മാത്രമാണ് നിലവില്‍ കരാറില്‍ പങ്കാളിത്തമില്ലാത്ത രാജ്യങ്ങള്‍. കലാവസ്ഥാ ഉടമ്പടിയില്‍നിന്ന് പിന്‍മാറുന്നതിനുള്ള ട്രംപിന്റെ നീക്കത്തെ യൂറോപ്യന്‍ നേതാക്കള്‍ ശക്തമായി അപലപിച്ചു. കാലാവസ്ഥാ വ്യതിയാനം ഒരു കെട്ടുകഥയല്ലെന്നാണ് ട്രംപിന്റെ വാദങ്ങളോട് യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ് പ്രസിഡന്റ് അന്റോണിയോ ടജാനിയുടെ പ്രതികരണം. ജലദൗര്‍ലഭ്യവും മരുഭൂമിവല്‍ക്കരണവും കാരണം ആളുകള്‍ക്ക് പലായനം ചെയ്യേണ്ടിവരുന്ന അവസ്ഥയിലേക്കാണ് ആഗോള താപനം കൊണ്ടെത്തിക്കുകയെന്നും അതിനെതിരേ ശക്തമായി ചെറുത്തിനിന്നില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ടജാനി പറഞ്ഞു. കരാറില്‍ നിന്ന് പിന്‍മാറുന്നത് ശരിയായ നിലപാടല്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ക്ലോദ് ജങ്കര്‍ അഭിപ്രായപ്പെട്ടു. കരാറില്‍ നിന്ന് എളുപ്പം പിന്‍മാറാന്‍ യുഎസിന് സാധിക്കില്ല. കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാത്ത പോലെയാണ് ട്രംപ് പെരുമാറുന്നതെന്നും കരാറില്‍ യുഎസിനെ നിലനിര്‍ത്തേണ്ടത് യൂറോപ്യന്‍ യൂനിയന്റെ കടമയാണെന്നും ജങ്കര്‍ പറഞ്ഞു. യുഎസിന്റെ തീരുമാനം തൃപ്തികരമല്ലാത്തതാണെന്നായിരുന്നു ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കലുടെ പ്രതികരണം. കരാറില്‍ നിന്നു പിന്‍മാറാനുള്ള തീരുമാനം അവിശ്വസനീയമായ മണ്ടത്തരമാണെന്ന് യുഎസിലെ പ്രതിപക്ഷകക്ഷി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും പ്രസിഡന്റ് തിരഞ്ഞെുപ്പില്‍ ട്രംപിന്റെ എതിരാളിയുമായിരുന്ന ഹിലരി ക്ലിന്റന്‍ പ്രതികരിച്ചു.യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റ് ആദ്യ 100 ദിവസത്തിനുള്ളില്‍ പാരിസ് കരാര്‍ റദ്ദാക്കുമെന്നും രാജ്യത്തെ നികുതിപ്പണം യുഎനിന്റെ ആഗോള താപന വിരുദ്ധ നടപടികള്‍ക്ക് നല്‍കുന്നതിനെ അനുകൂലിക്കാനാവില്ലെന്നും ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം രാജ്യത്തിനകത്തും ആഗോളതലത്തിലും വ്യാപക പ്രതിഷേധത്തിന് കാരണമായി. അടുത്തിടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വാദങ്ങള്‍ തട്ടിപ്പുകള്‍ മാത്രമാണെന്നും ചൈനയാണ് ഇത്തരം പ്രചാരണങ്ങള്‍ക്കു പിറകിലെന്നും ട്രംപ് ആരോപിച്ചിരുന്നു.

[related]
Next Story

RELATED STORIES

Share it