Kottayam Local

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി ജൈവജീവനം: എംജി വിസി

കോട്ടയം: പ്രകൃതിയും മനുഷ്യരും ഇതര ജീവജാലങ്ങളും നേരിടുന്ന സങ്കീര്‍ണ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ജൈവ ജീവനമാര്‍ഗം മാത്രമാണ് പ്രതിവിധിയെന്ന് എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍. എംജി സര്‍വകലാശാലയുടെ അന്തര്‍സര്‍വകലാശാലാ ജൈവ സുസ്ഥിര കൃഷി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം വല്ലകത്ത് പാട്ടത്തിനെടുത്ത ആറേക്കര്‍ തരിശുപാടത്ത് തനത് നാടന്‍ നെല്‍വിത്തിനങ്ങളുടെ കൃഷി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗത ആരോഗ്യ സംരക്ഷണ പ്രതിവിധികളില്‍ ഉപയോഗിക്കുന്ന രക്തശാലി, ഞവര, കുഞ്ഞൂഞ്ഞ് എന്നീ നെല്‍വിത്തിനങ്ങളാണ് കൃഷിയിറക്കിയത്.  ഏപ്രില്‍ മാസം നടത്തുന്ന ത്രിദിന അന്താരാഷ്ട്ര പ്രകൃതി ജൈവ സംഗമത്തിനോടനുബന്ധിച്ച് ജൈവ നെല്‍കൃഷിയുടെ കൊയ്ത്തുല്‍സവം നടത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ജൈവകൃഷി പരമ്പരാഗത കൃഷിയിലേക്കുള്ള തിരിച്ചുപോക്കല്ല, മറിച്ച് അതിജീവനത്തിനുള്ള നവീനവും മഹത്തരവുമായ മാതൃകയാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.  സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. പി കെ ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജൈവം ജനറല്‍ കണ്‍വീനറും സര്‍വകലാശാലാ രജിസ്ട്രാറുമായ എം ആര്‍ ഉണ്ണി, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പി ഉദയകുമാര്‍, ഉദയനാപുരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചനാ പ്രഭാകരന്‍, കൃഷി ഓഫിസര്‍ വി എം സീന, കെ ജി ഷാജി, ടെക്‌നിക്കല്‍ ഓഫിസര്‍ എബ്രഹാം മാത്യു  സംസാരിച്ചു.
Next Story

RELATED STORIES

Share it