wayanad local

പാരമ്പര്യ നെല്‍വിത്തിനങ്ങള്‍ സംരക്ഷിക്കാന്‍ കുടുംബശ്രീ



കല്‍പ്പറ്റ: വയനാടന്‍ പാരമ്പര്യ നെല്‍വിത്തിനങ്ങള്‍ സംരക്ഷിക്കാനൊരുങ്ങി കുടുംബശ്രീ ജില്ലാ മിഷന്‍. കേണിച്ചിറ പുളിക്കല്‍ വയലിലെ അഞ്ചര ഏക്കര്‍ സ്ഥലത്താണ് കുടുംബശ്രീ പൈതൃകത്തിന്റെ പൊന്‍ വിത്തെറിയുന്നത്. വിത്തുബാങ്കിന്റെ ഉദ്ഘാടനം നാളെ ഇന്നു രാവിലെ 9.30ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും. ഒരു കാലത്ത് ജില്ലയില്‍ വ്യാപകമായി കൃഷി ചെയ്തിരുന്ന വയനാടന്‍ വിത്തിനങ്ങള്‍ ഇല്ലാതാവുകയാണ്. കൃഷി ലാഭകേന്ദ്രീകൃതമായതോടെ പാരമ്പര്യ വിത്തിനങ്ങള്‍ അപ്രത്യക്ഷമാവാന്‍ തുടങ്ങി. ഗുണമേന്മയ്ക്കു പകരം അളവിനും തൂക്കത്തിനും പ്രാധാന്യം കല്‍പ്പിക്കപ്പെട്ടതോടെയാണ് നാടന്‍ വിത്തിനങ്ങള്‍ക്കു പകരം ഹൈബ്രിഡ് സ്വഭാവത്തിലുള്ള വിത്തുകള്‍ കര്‍ഷകര്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങിയത്. ഇത്തരമൊരു സാഹചര്യത്തിലാണ് കുടുംബശ്രീ ജില്ലാ മിഷന്‍ വയനാടന്‍ വിത്തിനങ്ങളുടെ സംരക്ഷണം എന്ന ആശയത്തിലേക്ക് കടന്നത്. കുടുംബശ്രീ എംകെഎസ്പി പദ്ധതിയുടെ കീഴിലാണ് വിത്ത് ബാങ്കെന്ന ആശയം നടപ്പാക്കുന്നത്. ചെന്നല്ല്, പാല്‍ത്തൊണ്ടി, വയനാടന്‍ ഗന്ധകശാല, വയനാടന്‍ ജീരകശാല, വെളിയന്‍, രക്തശാലി, അടുക്കന്‍ എന്നീ ഏഴിനങ്ങളാണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുന്നത്. ഉല്‍പാദിപ്പിക്കുന്ന നെല്ല് വിത്തായി സൂക്ഷിച്ച് അടുത്ത വര്‍ഷം ജില്ലയിലാകെ പാരമ്പര്യ വിത്തിനങ്ങളുടെ കൃഷി വ്യാപിപ്പിക്കും. പൂര്‍ണമായി ജൈവകൃഷി രീതിയിലാണ് സീഡ് ബാങ്ക് പദ്ധതി നടപ്പാക്കുക. കുടുംബശ്രീ ജില്ലാ മിഷന്‍ നേരിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പൂതാടി സിഡിഎസിനു കീഴിലുള്ള കൈരളി ജെഎല്‍ജിക്കാണ് പരിപാലന ചുമതല. പ്രസ്തുത അഞ്ചര ഏക്കറില്‍ പുതിയൊരു സാങ്കേതിക വിദ്യകൂടി പരീക്ഷിക്കുകയാണ് കുടുംബശ്രീ. കെട്ടിനാട്ടിയെന്ന പേരിലുള്ള പുതിയ കൃഷിരീതിയാണ് പരീക്ഷിക്കുന്നത്. സംപുഷ്ടീകരിച്ച വളക്കൂട്ടും കളിക്കൂട്ടും ചേര്‍ത്ത് ചാണക വറളിയിലാക്കിയ നെല്‍വിത്തുകള്‍ ഉണക്കി പെല്ലറ്റുകളാക്കി വരിയും നിരയുമൊപ്പിച്ച് വിതയ്ക്കുന്ന രീതിയാണ് കെട്ടിനാട്ടി. ചാണകം, വിവിധയിനം ഇലച്ചാറുകള്‍, പഞ്ചഗവ്യം എന്നിവയാണ് സംപുഷ്ടീകരണത്തിന് ഉപയോഗിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെഎസ്‌സിടിയുടെ ഈ വര്‍ഷത്തെ പ്രാദേശിക കാര്‍ഷിക ഗവേഷകനുള്ള അവാര്‍ഡ് ലഭിച്ച അജി തോമസ് കുന്നേലാണ് സാങ്കേതിക സഹായം നല്‍കുന്നത്. പുതിയ സാങ്കേതികവിദ്യ, സാധ്യതകള്‍ എന്നിവ സംബന്ധിച്ച് 300 കുടുംബശ്രീ ജെഎല്‍ജി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിവരുന്നു. പ്രസ്തുത സാങ്കേതിക വിദ്യ സംബന്ധിച്ച് കുടുംബശ്രീ കാര്‍ഷിക വിഭാഗം ഗവേഷണ റിപോര്‍ട്ട് തയ്യാറാക്കും. വിജയകരമായി വ്യാപിപ്പിക്കാവുന്ന രീതിയാണെങ്കില്‍ പരിശീലനം ലഭിച്ചവരില്‍ നിന്നു തിരഞ്ഞെടുക്കുന്ന 50 പേരെ മാസ്റ്റര്‍ ട്രെയിനര്‍മാരായി നിയമിച്ച് അടുത്ത വര്‍ഷം ജില്ലയിലാകെ പദ്ധതി വ്യാപിപ്പിക്കും.
Next Story

RELATED STORIES

Share it