Flash News

പാരഡൈസ് രേഖകളില്‍ ബ്രിട്ടീഷ് രാജ്ഞിയും ട്രംപും



ലണ്ടന്‍: കോളിളക്കം സൃഷ്ടിച്ച പാനമ രേഖ വെളിപ്പെടുത്തലിനു പിന്നാലെ നികുതിവെട്ടിപ്പിന്റെ ചുരുളഴിച്ച പാരഡൈസ് രേഖകളില്‍ ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെയും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെയും പേരുകള്‍.  നികുതി വെട്ടിച്ച് വിദേശത്തു കോടികളുടെ നിക്ഷേപം നടത്തിയ വമ്പന്‍മാരുടെ നീണ്ട പട്ടിക തന്നെ രേഖയിലൂടെ പുറത്തായിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണു വിവരങ്ങള്‍ പുറത്തുവന്നത്്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഉള്‍പ്പെടെ പല പ്രമുഖ ലോക നേതാക്കളുടെയും രാജകുടുംബങ്ങളുടെയും രഹസ്യ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പാരഡൈസ് പേപ്പേഴ്‌സിലുണ്ട്. കൊളമ്പിയന്‍ പ്രസിഡന്റ് ജൂവാന്‍ മാനുവല്‍ സാന്റോസ്, പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഷൗക്കത്ത് അസീസ്, ജോര്‍ദാന്‍ രാജ്ഞി നൂര്‍ അല്‍ ഹുസയ്ന്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, യുഎസ് വാണിജ്യവിഭാഗം സെക്രട്ടറി വില്‍ബര്‍ റോസ്, ഗായകരായ ബോണോ, മഡോണ എന്നിവരും നികുതി വെട്ടിപ്പുകാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.ജര്‍മന്‍ പത്രമായ സുദോത്‌ഷെ സൈതുങും അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ രാജ്യാന്തര സംഘടനയും 96 കമ്പനികളുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണു ലോക നേതാക്കളുടെയും സെലിബ്രിറ്റികളുടെയും വമ്പന്‍ വ്യവസായ സ്ഥാപനങ്ങളുടെയും ശതകോടികളുടെ നികുതിവെട്ടിപ്പു കഥകള്‍ പുറത്തുവിട്ടത്. ബര്‍മുഡയിലെ നിയമ സ്ഥാപനമായ ആപ്പിള്‍ബൈയില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം. യുഎസ് വാണിജ്യ വിഭാഗം സെക്രട്ടറി വില്‍ബര്‍ റോസും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ കുടുംബവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച വിവരവും പാരഡൈസ് രേഖകളിലുണ്ട്.
Next Story

RELATED STORIES

Share it