kasaragod local

പാമ്പ് കടിയേറ്റ പട്ടികജാതി യുവാവിനോട് അയിത്തം : ചികില്‍സയ്ക്ക് കാര്‍ വിട്ടുനല്‍കാത്ത നടപടി വിവാദമാവുന്നു



കാസര്‍കോട്്: തോട്ടത്തില്‍ ജേ ാലിചെയ്യുന്നതിനിടയില്‍ പാമ്പ് കടിയേറ്റ് അവശ നിലയിലായ പട്ടികജാതി വിഭാഗത്തില്‍പെട്ട യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാര്‍ വിട്ടുനല്‍കാത്ത സംഭവം വിവാദത്തിലേക്ക്. ബെള്ളൂര്‍ പഞ്ചായത്തിലെ നാട്ടക്കല്‍ ഹൊസളിഗെയിലെ മാങ്കുവിന്റെ മകന്‍ രവി(29)ക്ക് കഴിഞ്ഞ 21ന് തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ പാമ്പ് കടിയേറ്റിരുന്നു. പരിസരത്തെ ബ്രാഹ്മണനായ നവീന്‍ ഭട്ടിന്റെ തോട്ടത്തിലെ ജോലിക്കാരനായിരുന്നു. അന്ന് വൈകിട്ട് ആറിന് ജോലി കഴിഞ്ഞ് പോയപ്പോള്‍ വീണ്ടും കടന്നല്‍കൂടുണ്ടെന്നും അത് നശിപ്പിക്കണമെന്നുമാവശ്യപ്പെട്ട് തോട്ടം ഉടമ വിളിച്ചുവരുത്തുകയായിരുന്നു. ഇതനുസരിച്ച് രവി മറ്റൊരു സുഹൃത്തിനോടൊപ്പം തോട്ടത്തില്‍ പോയപ്പോള്‍ പാമ്പ് കടിയേറ്റു. ഇവിടെ നിന്ന് സുഹൃത്ത് വെള്ളം വേണമെന്ന് ആവശ്യപ്പെട്ട് വീട്ടില്‍ പോയപ്പോള്‍ ഇത് നല്‍കാന്‍ പോലും വീട്ടുകാര്‍ തയ്യാറായില്ലെന്ന് മാതാപിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പാമ്പ് കടിയേറ്റ് ഒരു മണിക്കൂറിലേറെ പറമ്പില്‍ മരണാസന്നനായി കിടക്കുകയും ഒരു മണിക്കൂറിന് ശേഷം നാട്ടുകാര്‍ മറ്റൊരു വാഹനം ഏര്‍പ്പാടാക്കി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടം പോലും നടത്താതെ സംസ്‌കരിക്കുകയായിരുന്നു. മരണത്തിന് ഉത്തരവാദി തോട്ടം ഉടമ നവീന്‍ ഭട്ടാണെന്നും ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ബിഎസ്പി നേതാക്കളോടൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. അയിത്തം കല്‍പിച്ചാണ് ചികില്‍സക്ക് വാഹനം വിട്ടുനല്‍കാത്തതും വെള്ളം നല്‍കാത്തതുമെന്നും മാതാപിതാക്കള്‍പറഞ്ഞു. ഭട്ടിന്റെ വീട്ടില്‍ മൂന്നോളം വാഹനങ്ങള്‍ ആ സമയത്തുണ്ടായിരുന്നു. 10 ലക്ഷം രൂപ രവിയുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പിതാവ് മാങ്കു, മാതാവ് സുന്ദരി, ബിഎസ്പി ജില്ലാ പ്രസിഡന്റ് നിസാര്‍ കാട്ടിയടുക്കം, വിജയകുമാര്‍ ബാറടുക്ക, ഡോ. അരുണ്‍ കുമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it