Flash News

പാനമ രേഖകള്‍ : പാക് പ്രധാനമന്ത്രി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാവും



ഇസ്്‌ലാമാബാദ്: പാനമ പേപ്പര്‍ ആരോപണത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് സംയുക്ത അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാവും. ശരീഫും കുടുംബാംഗങ്ങളും കണക്കില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. ഇതോടെ, പ്രധാനമന്ത്രിപദത്തിലിരിക്കെ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവുന്ന ആദ്യ പാക്് പ്രധാനമന്ത്രിയാവും നവാസ് ശരീഫ്.ഇസ്്‌ലാമാബാദിലെ ഫെഡറല്‍ ജുഡീഷ്യല്‍ അക്കാദമിയില്‍ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി വ്യാഴാഴ്ച ഹാജരാവാനാണ് ശരീഫിന് നോട്ടീസ് ലഭിച്ചത്. ധനമന്ത്രി ഇഷാഖ് ദാറിനോടും ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാനമ രേഖകളുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിന് പാകിസ്താന്‍ സുപ്രിംകോടതി സംയുക്ത അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ശരീഫിനെയും അദ്ദേഹത്തിന്റെ മകനെയും ആവശ്യമെങ്കില്‍ മറ്റു കുടുംബാംഗങ്ങളെയും ചോദ്യംചെയ്യുന്നതിന് അനുമതിയും നല്‍കിയിരുന്നു. ശരീഫിന്റെ മക്കളായ ഹുസയ്ന്‍ നവാസ്, ഹസ്സന്‍ നവാസ് എന്നിവര്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വാജിദ് സിയ തലവനായ അന്വേഷണ സമിതിക്കുമുന്നില്‍ ഹാജരായിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യമാണ് നവാസ് ശരീഫിനും കുടുംബത്തിനും വിദേശത്ത് സ്വത്തുക്കളുണ്ടെന്ന പാനമരേഖകള്‍ പുറത്തുവന്നത്. ശരീഫിന്റെ നാലു മക്കളില്‍ മൂന്നുപേരുടെ പേരാണ് പാനമ പേപ്പറില്‍ പരാമര്‍ശിച്ചത്.
Next Story

RELATED STORIES

Share it