Flash News

പാചകവാതക വില കുത്തനെ കൂട്ടി



ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതകവിലയില്‍ വന്‍ വര്‍ധന. സബ്‌സിഡിയോടു കൂടിയ പാചകവാതക സിലിണ്ടര്‍ ഒന്നിന് 4.56 രൂപയുടെയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 93-94 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വിലവര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനും വന്‍ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 19 കിലോയുടെ സിലിണ്ടറിന് 1289 രൂപയാണ് ഇന്നലെ മുതല്‍ നല്‍കേണ്ടിവരുന്നത്. കഴിഞ്ഞ മാസം ഇതിന് 1142 രൂപയായിരുന്നു. 147 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കേരളത്തില്‍ 14 കിലോയുള്ള സബ്‌സിഡിയോടു കൂടിയ സിലിണ്ടറിന്റെ വില 491.13 രൂപയില്‍ നിന്ന് 495.69 രൂപയായി വര്‍ധിക്കും. അതേസമയം, സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 635ല്‍ നിന്ന് 729 രൂപയുമാവും. 14.6 കിലോഗ്രാം തൂക്കമുള്ള സബ്‌സിഡിയോടുകൂടിയ പാചകവാതക സിലിണ്ടര്‍ വില ഡല്‍ഹിയില്‍ 495.69 രൂപയും കൊല്‍ക്കത്തയില്‍ 498.43 രൂപയുമായി ഉയര്‍ന്നു. ചെന്നൈയില്‍ 483.69 രൂപയും മുംബൈയില്‍ 498.38 രൂപയുമാണ് ഇനി നല്‍കേണ്ടിവരുക. 14.2 കിലോഗ്രാം തൂക്കമുള്ള സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് ചെന്നൈയില്‍ 750 രൂപയും മുംബൈയില്‍ 718.5 രൂപയുമായി ഉയര്‍ന്നു. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ ഗ്യാസ് സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കുന്നതിനായി സബ്‌സിഡിയുള്ള പാചകവാതകത്തിന് എല്ലാ മാസവും നാലു രൂപ വീതം വര്‍ധിപ്പിക്കാന്‍ ഓയില്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഓയില്‍ കമ്പനികള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഓരോ ഗാര്‍ഹിക ഉപഭോക്താവിനും ഒരു വര്‍ഷം സബ്‌സിഡി ഇനത്തില്‍ 14.2 കിലോഗ്രാം തൂക്കമുള്ള 12 സിലിണ്ടറുകളാണ് നല്‍കിവരുന്നത്. ഇത്തരത്തിലുള്ള 18.11 കോടി ഉപഭോക്താക്കളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. 2.66 കോടി ഉപഭോക്താക്കള്‍ സബ്‌സിഡിയില്ലാത്ത പാചകവാതകമാണ് ഉപയോഗിക്കുന്നത്. പാചകവാതകത്തിനു പുറമെ വിമാന ഇന്ധനവിലയിലും വന്‍ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. വിമാന ഇന്ധനത്തിന്റെ അന്താരാഷ്ട്ര വിലയില്‍ രണ്ടു ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഇത് വിമാനയാത്രാ ടിക്കറ്റ് നിരക്കുവര്‍ധനയ്ക്ക് വഴിവയ്ക്കും.
Next Story

RELATED STORIES

Share it