പാചകവാതകം: 10 ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സബ്‌സിഡിയില്ല

ന്യൂഡല്‍ഹി: 10 ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള ഉപഭോക്താക്കളുടെ പാചകവാതക സബ്‌സിഡി ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. 2016 ജനുവരി മുതലാണ് ഇതു നടപ്പാക്കുക. നിലവില്‍ പ്രതിവര്‍ഷം 14.2 കിലോഗ്രാമിന്റെ 12 വീതം സിലിണ്ടറുകളാണ് 419.26 രൂപ എന്ന സബ്‌സിഡിനിരക്കില്‍ ലഭിക്കുന്നത്. സിലിണ്ടര്‍ ഒന്നിന് 608 രൂപയാണ് കമ്പോളവില.
ഉപഭോക്താവിനോ അവരുടെ ജീവിതപങ്കാളിക്കോ കഴിഞ്ഞ സാമ്പത്തികവര്‍ഷം 10 ലക്ഷത്തിനു മുകളിലാണ് വരുമാനം ലഭിച്ചതെങ്കില്‍ സബ്‌സിഡിയില്‍നിന്ന് ഒഴിവാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, ആദ്യഘട്ടമായി ഇത്തരം ഉപഭോക്താക്കള്‍ക്ക് സ്വമേധയാ സബ്‌സിഡി ഒഴിവാക്കാന്‍ അവസരം നല്‍കും. നേരത്തേ ഉപഭോക്താക്കളോട് സ്വമേധയാ പാചകവാതക സബ്‌സിഡി ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പ്രചാരണം നടത്തിയിരുന്നു. 57.5 ലക്ഷം പാചകവാതക ഉപഭോക്താക്കള്‍ ഇതുപ്രകാരം പാചകവാതക സബ്‌സിഡി വേണ്ടെന്നുവച്ചതായി പെട്രോളിയം മന്ത്രാലയം അറിയിച്ചു.
വലിയൊരളവ് ഉപഭോക്താക്കള്‍ സ്വമേധയാ സബ്‌സിഡി വേണ്ടെന്നുവച്ചിട്ടുണ്ട്. എന്നാലും ഉയര്‍ന്ന വരുമാനമുള്ള ഉപഭോക്താക്കള്‍ക്ക് പാചകവാതക സിലിണ്ടറുകള്‍ കമ്പോളവിലയില്‍ ലഭ്യമാക്കുകയാണു വേണ്ടതെന്ന് പെട്രോളിയം മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
നിലവില്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പാചകവാതക സബ്‌സിഡി നല്‍കിവരുന്നത്. 2014-15 സാമ്പത്തികവര്‍ഷം 40,551 കോടിയാണ് പാചകവാതക സബ്‌സിഡി ഇനത്തില്‍ കേന്ദ്രം ചെലവഴിച്ചത്. നിലവില്‍ 14.78 കോടി പാചകവാതക ഉപഭോക്താക്കളാണ് രാജ്യത്തുള്ളത്.
Next Story

RELATED STORIES

Share it