പാക് വിമാനക്കമ്പനി ഓഫിസിന് നേരെ ആക്രമണം; ഹിന്ദുസേനാ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പാകിസ്താന്‍ അന്താരാഷ്ട്ര വിമാനക്കമ്പനി ഒാഫിസിനു നേരെ ഹിന്ദുസേനാ പ്രവര്‍ത്തകരുടെ ആക്രമണം. വിമാന കമ്പനിയുടെ ബാരഹ്കമ്പ റോഡിലുള്ള ഓഫിസ് ആണ് ഇന്നലെ ഉച്ചയോടെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് ലളിത് സിങ് എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹിന്ദുസേനാ പ്രവര്‍ത്തകരായ നാലുപേര്‍ ഓഫിസില്‍ അതിക്രമിച്ചു കയറി കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ അടിച്ച്തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ലഘുലേഖകള്‍ വിതറിയ സംഘം എയര്‍ലൈനിന്റെ ഒരു ചെറു മാതൃകയും തകര്‍ത്തു. പത്താന്‍കോട്ട് ആക്രമണത്തിന്റെയും അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിച്ചതിന്റെയും പ്രതികരണമാണ് ഇതെന്നും പാകിസ്താനുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവച്ച് ഇന്ത്യക്കു നാശനഷ്ടം വരുത്തുന്ന ദാവൂദ് ഇബ്രാഹിമിനെ പോലുള്ളവര്‍ക്കെതിരേ ശക്തമായ നടപടികളെടുക്കണമെന്നും ലഘുലേഖ ആവശ്യപ്പെടുന്നു.
സ്ഥലത്തെത്തിയ പോലിസ് സംഘമാണ് ലളിത് സിങിനെ പിടികൂടിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദുസേനാ നേതാവ് വിഷ്ണു ഗുപ്ത രംഗത്തുവന്നു.
ഡല്‍ഹിയിലെ തങ്ങളുടെ പ്രവര്‍ത്തകര്‍ക്കു പാകിസ്താനോടുള്ള വിദ്വേഷത്തിന്റെ പ്രതികരണവും തങ്ങള്‍ ദുര്‍ബലരല്ലെന്ന സന്ദേശവുമാണ് ആക്രമണമെന്നു വിഷ്ണു ഗുപ്ത പറഞ്ഞു. കേരള ഹൗസില്‍ മാട്ടിറച്ചി വില്‍ക്കുന്നുവെന്ന പേരില്‍ പ്രചാരണം നടത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന് അറസ്റ്റിലായ വ്യക്തിയാണ് വിഷ്ണുഗുപ്ത.
Next Story

RELATED STORIES

Share it