World

പാകിസ്താനുമായി ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ലോക ബാങ്ക്‌

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള സിന്ധു നദീജലവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ പാകിസ്താനുമായി ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു ലോക ബാങ്ക്.
കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അറ്റോര്‍ണി ജനറല്‍ അഷ്താര്‍ ഔസാഫ് അലിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പാക് പ്രതിനിധി സംഘം ലോക ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ക്രിസ്റ്റാലിന ജ്യോര്‍ജീവയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാക് നിര്‍ദേശപ്രകാരമായിരുന്നു കൂടിക്കാഴ്ച. പരിഹാരത്തിനുള്ള പല മാര്‍ഗങ്ങളും ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനത്തിലെത്താനായിട്ടില്ല. തര്‍ക്കപരിഹാരത്തിന് ഇരു രാജ്യങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ലോക ബാങ്ക് അറിയിച്ചു. അടുത്തിടെ ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ  കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതിയില്‍ പാക് പ്രതിനിധി സംഘം ആശങ്ക അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീരില്‍ 330 മെഗാവാട്ട് കിഷന്‍ഗംഗ പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതി പാകിസ്താനിലേക്കുള്ള ജലവിതരണത്തെ തടസ്സപ്പെടുത്തുമെന്നു ചൂണ്ടിക്കാട്ടി പാകിസ്താന്‍ പ്രതിഷേധം അറിയിച്ചിരുന്നു.
ഇരുരാജ്യത്തെയും ജനങ്ങ—ളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വികസന സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനും ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിന് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉണ്ടാക്കിയ കരാറാണ് സിന്ധു നദീജല കരാറെന്നും ലോക ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. കരാറില്‍ ലോക ബാങ്കിന്റെ പങ്ക് പരിമിതമാണെന്നു പ്രസ്താവനയില്‍ പറയുന്നു.
Next Story

RELATED STORIES

Share it