Flash News

പശ്ചിമ ബംഗാള്‍ : ഏഴ് നഗരസഭകളില്‍ ഇന്ന് വോട്ടെടുപ്പ്‌



കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഏഴു മുനിസിപ്പാലിറ്റികളിലേക്ക് ഇന്ന് വോട്ടെടുപ്പ് നടക്കും. ഇതില്‍ നാലെണ്ണം ഡാര്‍ജിലിങ് കുന്നുകളിലാണ്. ഡാര്‍ജിലിങ് , കുര്‍സിയോങ്, കാലിപോങ്, മിറിക് മുനിസിപ്പാലിറ്റികളിലേക്കാണ് ഡാര്‍ജിലിങ് കുന്നുകളില്‍ വോട്ടെടുപ്പ്. മുര്‍ഷിദാബാദിലെ ഡോംകല്‍, ദക്ഷിണ 24 പര്‍ഗാനാസിലെ പുജാലി, ഉത്തരദിനാജ് പൂരിലെ റായ്ഗഞ്ച് എന്നീ മുനിസിപ്പാലിറ്റികളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും. ഡാര്‍ജിലിങ് ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- ജിഎന്‍എല്‍എഫ് സഖ്യവും ഗൂര്‍ഖാ ജനമുക്തിമോര്‍ച്ച (ജിജെഎം) -ബിജെപി സഖ്യവും നേരിട്ടാണ് മല്‍സരം. ഡാര്‍ജിലിങ് കുന്നുകളുടെ ഭരണസാരഥ്യം ആര്‍ക്കു ലഭിക്കുമെന്ന് ഇന്നത്തെ വോട്ടെടുപ്പ് തീരുമാനിക്കും. തങ്ങളുടെ നേതാക്കളെ തൃണമൂല്‍ കോണ്‍ഗ്രസ് ചാക്കിട്ട് പിടിക്കുന്നുവെന്നാണ് ജിജെഎമ്മിന്റെ പരാതി.തൃണമൂലുകാര്‍ കള്ളപ്രചാരണം നടത്തുന്നുവെന്നും അവര്‍ക്ക് പരാതിയുണ്ട്. തൃണമൂലിന്റെ ഛിദ്രരാഷ്ട്രീയം ഡാര്‍ജിലിങില്‍ നടക്കാന്‍ പോവുന്നില്ലെന്ന് ജിജെഎം നേതാവ് ബിമല്‍ ഗുരൂങ് പറഞ്ഞു. എന്നാല്‍, ജിജെഎമ്മിന്റെ ആരോപണം ഡാര്‍ജിലിങില്‍ തൃണമൂലിന്റെ ചുമതലയുള്ള സംസ്ഥാനമന്ത്രി അരൂപ് ബിശ്വാസ് തള്ളി. കഴിഞ്ഞ പത്തുവര്‍ഷമായി ഡാര്‍ജിലിങ്ങില്‍ ജിജെഎമ്മിനാണ് മേധാവിത്വം. എന്നാല്‍, ജിജെഎമ്മില്‍ വിള്ളല്‍ വീണിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ യോഗങ്ങളില്‍ നിരവധി സാധാരണക്കാര്‍ പങ്കെടുത്തു. തൃണമൂലിന്റെ മുന്‍യോഗങ്ങളില്‍ അത്രയും ജനപങ്കാളിത്തമുണ്ടായിരുന്നില്ല. ഡോംകലില്‍ തൃണമൂലും കോണ്‍ഗ്രസ്- സിപിഎം സഖ്യവും തമ്മിലാണ് മല്‍സരം. പൂജാലിയായിലും റായ്ഗഞ്ചിലും ബിജെപി, സിപിഎം, കോണ്‍ഗ്രസ് കക്ഷികളെയാണ് തൃണമൂല്‍ നേരിടുന്നത്.  ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയവും കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന്റെ രാഷ്ട്രീയ അവസരവാദവും ബംഗാള്‍ ജനത തള്ളുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ഥാ ചാറ്റര്‍ജി പറഞ്ഞു.
Next Story

RELATED STORIES

Share it