പശ്ചിമ ബംഗാളില്‍ തൃണമൂല്‍; കോണ്‍ഗ്രസ്സിന് തിരിച്ചടി

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. ബംഗാളിലെ സബാങ്ങില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. കോണ്‍ഗ്രസ്സിന്റെ സീറ്റാണ് തൃണമൂല്‍ പിടിച്ചെടുത്തത്. 64,000 വോട്ടിന്റെ ലീഡാണ് ഇവിടെ തൃണമൂലിനുള്ളത്. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ മനസ് ഭൂണിയയുടെ ഭാര്യ ഗീത റാണി ഭൂണിയയാണു തൃണമൂലിനുവേണ്ടി മല്‍സരിച്ചത്. ഇടതുകക്ഷികളുടെ പിന്തുണയോടെ അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച മനസ് ഭൂണിയയുടെ രാജിയെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിപിഎം രണ്ടാം സ്ഥാനത്തും ബിജെപി മൂന്നാം സ്ഥാനത്തുമാണ്. ഗീത റാണി (തൃണമൂല്‍) 106179, റീത മണ്ഡല്‍ (സിപിഎം) 41987, അന്താര ഭട്ടാചാര്യ (ബിജെപി) 37476, ചിരണ്‍ജിബ് ഭോവ്മിക് (കോണ്‍ഗ്രസ്) 18060 എന്നിങ്ങനെയാണ് വോട്ട്‌നില. അരുണാചല്‍പ്രദേശിലെ പക്കേകെസാങ്, ലികാബലി  ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിനു കനത്ത തിരിച്ചടിയാണ് നേരിട്ടത്.  കോണ്‍ഗ്രസ് സിറ്റിങ് സീറ്റായ രണ്ടിടത്തും ബിജെപിക്കാണ് വിജയം. ഇതോടെ 60 അംഗ നിയമസഭയില്‍ ബിജെപി എംഎല്‍എമാരുടെ എണ്ണം 49 ആയി. പക്കേകെസാങില്‍ ബിജെപി സ്ഥാനാര്‍ഥി ബി ആര്‍ വാഘെയാണ്  475 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ ഉപമുഖ്യമന്ത്രിയുമായ കമേങ് ഡോയെ പരാജയപ്പെടുത്തിയത്. 2014ലെ തിരഞ്ഞെടുപ്പില്‍ ജയിച്ച ഡോളോയ്‌ക്കെതിരായ ബിജെപി നേതാവ് അറ്റും വെല്ലിയുടെ ഹരജിയില്‍ വീണ്ടും തിരഞ്ഞെടുപ്പു നടത്താന്‍ ഗുവാഹത്തി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.ലികബാലിയില്‍ ബിജെപി സ്ഥാനാര്‍ഥി കാര്‍ഡോ നിഗ്യോറാണ് വിജയിച്ചത്. ഇവിടെയും 305 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് ബിജെപി വിജയം. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മോദം ഡിനിയും പിപിഎയ്ക്കായി ഗുംകെ റിബയും മല്‍സരിച്ചു. ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പു നടന്ന സിക്കന്ദ്ര നിയമസഭാ സീറ്റിലും ബിജെപിക്കാണ് വിജയം. 7000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ഥി അജിത്പാല്‍ സിങ് സമാജ്‌വാദി പാര്‍ട്ടിയുടെ സീമ സച്ചനെ പരാജയപ്പെടുത്തിയത്. ബിജെപിയുടെ സിറ്റിങ് സീറ്റായ ഇവിടെ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. സിറ്റിങ് എംഎല്‍എയായിരുന്ന ബിജെപിയുടെ മരുത പ്രസാദ് പാല്‍ മരിച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
Next Story

RELATED STORIES

Share it