Flash News

പശുവിന്റെ പേരിലുള്ള കൊല: നരേന്ദ്ര മോദി ഭരണത്തില്‍ 97 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: മോദി ഭരണമേറ്റശേഷം രാജ്യത്ത് പശുവിന്റെ പേരിലുള്ള കൊലകളില്‍ 97 ശതമാനത്തിന്റെ വര്‍ധന. 2014 മുതല്‍ 2017 വരെയുള്ള കണക്കാണിത്. 2018ല്‍ നടന്ന കൊലകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മോദി സര്‍ക്കാര്‍ വരുന്നതിനു മുമ്പ് 2012-13 വര്‍ഷങ്ങളില്‍ സമാനമായ സംഭവങ്ങളില്‍ ഓരോ മരണം വീതമായിരുന്നു റിപോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, മോദി ഭരണമേറ്റ 2014ല്‍ ഇത് മൂന്നായി ഉയര്‍ന്നു. 2015ല്‍ 12 ആയി. 2016ല്‍ 24ഉം 2017 ല്‍ 37ഉം ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടതില്‍ 84 ശതമാനവും മുസ്്‌ലിംകളാണ്. പശുവുമായി ബന്ധപ്പെട്ട് 2017 വരെയുള്ള 63 അക്രമങ്ങളില്‍ 32 എണ്ണവും നടന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു.
മോദി അധികാരം ഏറ്റെടുത്ത ശേഷം വര്‍ഗീയകലാപങ്ങളിലും 28 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 3000 വര്‍ഗീയക ലാ പങ്ങളില്‍ 400 പേര്‍ മരിച്ചു. 9000 പേര്‍ക്ക് പരിക്കേറ്റു. വര്‍ഗീയാതിക്രമം സംബന്ധിച്ച കേസുകളില്‍ 41 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 2014ല്‍ 366 കേസുകളും 2017ല്‍ 475 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 2018ലെ ആദ്യമാസങ്ങളില്‍ ബിഹാറിലെ 13 ജില്ലകളിലും രാജസ്ഥാനിലെയും പശ്ചിമബംഗാളിലെയും മൂന്നു ജില്ലകളിലും വര്‍ഗീയകലാപമുണ്ടായി. രാമനവമി ആഘോഷവുമായി ബന്ധപ്പെട്ടായിരുന്നു ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം.
പശുവുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ട ആക്രമണത്തിന്റെ 78 കേസുകളുണ്ടായി. 29 പേര്‍ മരിച്ചു. 273 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 148 പേരുടെ പരിക്ക് ഗുരുതരമായിരുന്നു. ഹിന്ദുത്വ ആക്രമണങ്ങളില്‍ മൂന്നില്‍ രണ്ടും മുസ്്‌ലിംകള്‍ക്കെതിരേയും ബാക്കി ദലിതുകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരേയുമായിരുന്നു. ചര്‍ച്ചുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും നേരെ 700 ആക്രമണമുണ്ടായി. ഇത്തരം ഭൂരിഭാഗം കേസുകളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല.
പശുവിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള വര്‍ഗീയകലാപങ്ങളുടെ മൂന്നാംഘട്ടമായി കാണണമെന്ന് സാമൂഹികപ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍ പറയുന്നു. 1961ല്‍ സ്വാതന്ത്ര്യം കിട്ടി 14 കൊല്ലത്തിനുള്ളില്‍ നടന്ന ജബല്‍പൂര്‍ കൂട്ടക്കൊലയായിരുന്നു മുസ്്‌ലിം സ്വത്വവുമായി ബന്ധപ്പെട്ട ആദ്യത്തെ ഘട്ടം. 1983 ല്‍ നടന്ന അസമിലെ കൂട്ടക്കൊലയും 1984ല്‍ ഡല്‍ഹിയില്‍ നട ന്ന സിഖ് കൂട്ടക്കൊലയും 1989 ലെ ഭാഗല്‍പൂര്‍ മുസ്‌ലിം കൂട്ടക്കൊലയും 80കളില്‍ തുടങ്ങിയ രണ്ടാംഘട്ടമായി കാണണം. 2002ലെ ഗുജറാത്തായിരുന്നു ഈ ഘട്ടത്തില്‍ അവസാനത്തേത്. ഇതിന്റെ മൂന്നാംഘട്ടത്തിന്റെ തുടക്കമാണ് പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകള്‍- ഹര്‍ഷ് മന്ദര്‍ പറയുന്നു.
Next Story

RELATED STORIES

Share it