Flash News

പശുവിനെ ദേശീയമൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി



കെ  എ  സലിം

ന്യൂഡല്‍ഹി: പശുവിനെ ദേശീയമൃഗമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. പശുവിനെ കൊല്ലുന്നതിനുള്ള ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു. നിര്‍ദേശം നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയോടും അഡ്വക്കറ്റ് ജനറലിനോടും ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ നിര്‍ദേശിച്ചു. ജയ്പൂരിലെ ഹിന്‍ഗോനിയ ഗോശാലയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ജാഗോ ജനത സൊസൈറ്റി നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി നിര്‍ദേശം. ഗോശാലയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് അഭിഭാഷകരുടെ സമിതിക്കും രൂപം നല്‍കി. ശുചിത്വം കുറവായ സാഹചര്യത്തില്‍ ഗോശാലയില്‍ പശുക്കള്‍ ചത്തൊടുങ്ങുന്നതിനെതിരേ 2010ല്‍ ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ നിരവധി ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ഗോശാലയ്ക്കായി അനുവദിച്ച സ്ഥലം അവിടെനിന്ന് മാറ്റരുത്. ഇതിന്റെ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണം.  നേപ്പാള്‍ ഹിന്ദുരാഷ്ട്രമാണ്. അവിടെ പശുവാണ് ദേശീയമൃഗം. ഇവിടെയും അങ്ങനെയാക്കാന്‍ വേണ്ട നടപടി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ- ജഡ്ജി പറഞ്ഞു. തന്റെ ആത്മാവില്‍നിന്നുള്ള ശബ്ദമാണ് ഉത്തരവിലൂടെ ഉണ്ടായതെന്ന് ജഡ്ജി പിന്നീട് എന്‍ഡിടിവിയോട് പറഞ്ഞു. പശുവിനെ പൂജിക്കുന്ന ശിവന്റെ ഭക്തനാണ് താനെന്നും ജഡ്ജി പറഞ്ഞു. നിലവില്‍ രാജസ്ഥാനില്‍ ഗോവധം നിരോധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it