Flash News

പശുക്കളുമായി പോയ ക്ഷീര കര്‍ഷകനെ ഗോസംരക്ഷകര്‍ വെടിവച്ചു കൊന്നു



സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയില്‍ പശുക്കളുമായി പോവുകയായിരുന്നയാളെ സംഘപരിവാര പ്രവര്‍ത്തകര്‍ വെടിവച്ചുകൊന്നു. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ഗോവിന്ദ്ഗഡിന് സമീപമുള്ള ഫഹാരി ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണു സംഭവം. ഹരിയാനയിലെ മേവാത്തില്‍ നിന്ന് രാജസ്ഥാനിലെ ഭരത്പൂരിലേക്ക് പശുക്കളെയുമായി പോവുകയായിരുന്ന ഉമര്‍ മുഹമ്മദിനെയാണ് ഒരു സംഘം വെടിവച്ചുകൊന്നത്. ഉമറിന്റെ കൂടെയുണ്ടായിരുന്ന രണ്ടു സഹായികള്‍്വക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഉമര്‍ കൊല്ലപ്പെട്ടത് വെടിയേറ്റാണെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. വെടിവച്ചുകൊന്നശേഷം സംഭവം അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കുന്നതിനായി അക്രമികള്‍ അദ്ദേഹത്തെ ഓടുന്ന ട്രെയിനിനു മുന്നിലേക്കിട്ടതായി ഗ്രാമമുഖ്യന്‍ ഷേര്‍ മുഹമ്മദ് പറഞ്ഞു. എന്നാല്‍, തലയും ഇടതു കൈയും മാത്രമേ ട്രെയിനിന് അടിയില്‍പ്പെട്ടുള്ളൂ. വെടിയേറ്റ ശരീരഭാഗം ട്രെയിനിന് അടിയില്‍ കുടുങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെരിപ്പുകള്‍ കണ്ടാണ് കുടുംബാംഗങ്ങള്‍ മൃതദേഹം തിരിച്ചറിഞ്ഞത്.  വെള്ളിയാഴ്ച അഞ്ചുമണിയോടെ നടന്ന സംഭവത്തില്‍ രണ്ടു ദിവസം പിന്നിട്ടിട്ടും പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന പോലിസ് ആക്രമണം തടയുന്നതിന് ഒന്നും ചെയ്തില്ലെന്നും അവര്‍ ആരോപിച്ചു. മൃതദേഹം പ്രദേശത്തെ ഷെഹര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്യാതെ ഉമറിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഉമര്‍ ക്ഷീരകര്‍ഷകനാണെന്നും അദ്ദേഹം കന്നുകാലികളെ കശാപ്പിനായി കൊണ്ടുവരാറില്ലെന്നും അമ്മാവന്‍ ഇല്യാസ് മുഹമ്മദ് വ്യക്തമാക്കി. 7-8 പേരടങ്ങുന്ന സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് ഉമറിന്റെ കൂടെയുണ്ടായിരുന്ന താഹിര്‍ മുഹമ്മദ് പറഞ്ഞു. തങ്ങള്‍ ഗോരക്ഷകരാണെന്ന് അക്രമികള്‍ അവകാശപ്പെട്ടതായി താഹിര്‍ പറഞ്ഞു. ഉമറിന്റെ കേസിന് പെഹ്‌ലുഖാന്‍ കേസിന്റെ വിധിയുണ്ടാവില്ലെന്ന് ഉറപ്പുവരുത്താന്‍ എത്രയും പെട്ടെന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഗ്രാമമുഖ്യന്‍ ഷേര്‍ മുഹമ്മദ് ആവശ്യപ്പെട്ടു. ഈ വര്‍ഷം ഏപ്രിലിലാണ് ക്ഷീരകര്‍ഷകനായ പെഹ്‌ലുഖാനെ ഇപ്പോള്‍ സംഭവം നടന്ന അല്‍വാറില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ അടിച്ചുകൊന്നത്. കേസില്‍ ആറു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പ്രത്യേക അന്വേഷണ സംഘം ആറുപേരെയും കുറ്റവിമുക്തരാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it