Alappuzha local

പവര്‍ലിഫ്റ്റിങ് മല്‍സരത്തില്‍ എബി വിലാസം എച്ച്എസ്എസിന് ആധിപത്യം



മുഹമ്മ: സംസ്ഥാന സബ്ജൂനിയര്‍ പവര്‍ലിഫ്റ്റിങ് മല്‍സരത്തില്‍ മുഹമ്മ എ ബി വിലാസം ഹയര്‍ സെക്കന്ററി സ്‌കൂളിന് ആധിപത്യം. എക്യുപ്ഡ്-അണ്‍ എക്യുപ്ഡ് വിഭാഗങ്ങളിലായി ആറു താരങ്ങള്‍ 7 സ്വര്‍ണവും രണ്ട് വെള്ളിയും കരസ്ഥമാക്കിയാണ് വിജയത്തിന് മാറ്റുകൂട്ടിയത്. സി അശ്വതിയും അജീഷയും റെക്കോഡോടെ രണ്ട് വീതം സ്വര്‍ണം കരസ്ഥമാക്കി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സോന കുഞ്ഞുമോന്‍ അണ്‍ എക്യുപ്ഡ് 47 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടി. ഭാഗ്യലക്ഷ്മി 52 കിലോയില്‍ രണ്ട് സ്വര്‍ണവും നവ്യാപ്രസാദ് 72 കിലോയില്‍ രണ്ട് വെള്ളിയും തേജസ് നാലാം സ്ഥാനവും കരസ്ഥമാക്കി. അണ്‍ എക്യുപ്ഡ് വിഭാഗത്തില്‍ ഭാഗ്യലക്ഷ്മി സ്‌ട്രോങ് വുമണ്‍ ഓഫ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടു. കായിക അധ്യാപകന്‍ വി സവിനയന്റെ ശിക്ഷണത്തല്‍ ഇവരുള്‍പ്പെടെ 10 വിദ്യാര്‍ഥികളാണ് പരിശീലനം നേടന്നത്. 2012ലാണ് പവര്‍ലിഫ്റ്റിങ് പരിശീലനം തുടങ്ങിയത്. ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിലുള്‍പ്പെടെ 50 ലേറെ മെഡലുകള്‍ കരസ്ഥമാക്കിയിരുന്നു. ജില്ലാപഞ്ചായത്തും റൗണ്ട് ടേബിള്‍ ഇന്ത്യയുടെ പ്രവര്‍ത്തകരും പരിശീലനത്തിനുള്ള ഉപകരണങ്ങള്‍ നല്‍കി താരങ്ങളെ സഹായിച്ചു. സ്‌കൂള്‍ മാനേജുമെന്റ് എട്ട് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ ജിംനേഷ്യത്തിലേക്ക് ജൂണ്‍ ആദ്യം മുതല്‍ പരിശീലനം മാറ്റും. അത്‌ലറ്റിക്‌സിലും വോളിബോളിലും മികവു തെളിയിക്കുന്നതോടൊപ്പം കലയിലും പഠനത്തിലും മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സ്‌കൂള്‍ ഏറെ മുന്നിലാണ്. എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു.
Next Story

RELATED STORIES

Share it