kannur local

പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി



ഇരിക്കൂര്‍: 79.85 കോടി രൂപ ചെലവില്‍ പഴശ്ശി അണക്കെട്ട് പ്രദേശത്ത് നടപ്പാക്കുന്ന പഴശ്ശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതിക്ക് ജലവിഭവകുപ്പിന്റെ എന്‍ഒസി ലഭിച്ചതോടെ പദ്ധതിക്ക് സര്‍ക്കാരിന്റെ അംഗീകാരം. നേരത്തെ വൈദ്യുതിവകുപ്പും ജലവിഭവ വകുപ്പും തത്വത്തില്‍ ധാരണയായെങ്കിലും ധാരണാപത്രം കൈമാറിയിരുന്നില്ല. വൈദ്യുതി ഉല്‍പാദനത്തിനായി സംഭരണിയുടെ ഷട്ടറുകള്‍ മുഴുവന്‍ സമയവും അടച്ചിടേണ്ടിവരുമ്പോള്‍ ഉണ്ടാവുന്ന സുരക്ഷാപ്രശ്‌നം സംബന്ധിച്ച് അന്തിമതീരുമാനം വൈകിയതാണു പ്രതിസന്ധി ഉടലെടുക്കാന്‍ കാരണം. ടെന്‍ഡര്‍ ചെയ്‌തെങ്കിലും ജലവിഭവവകുപ്പിന്റെ അനുമതി ലഭിക്കാഞ്ഞതിനാല്‍ നിര്‍മാണം കരാര്‍ കമ്പനിയെ ഏല്‍പിക്കാന്‍ സാധിച്ചിരുന്നില്ല. മഴക്കാലത്ത് ഷട്ടര്‍ അടച്ചിടേണ്ടി വരുമ്പോള്‍ ഉണ്ടാവുന്ന സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ആര് ഏറ്റെടുക്കുമെന്ന കാര്യത്തിലായിരുന്നു അനിശ്ചിതത്വം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന ജലവിഭവ വകുപ്പിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് എന്‍ഒസി നല്‍കിയത്. പ്രതിസന്ധി പരിഹരിച്ചതോടെ ടെന്‍ഡര്‍ അംഗീകരിച്ച് നിര്‍മാണം ഉടന്‍ കമ്പനിക്ക് കൈമാറും. മൂന്നുമാസത്തിനകം നിര്‍മാണം ആരംഭിക്കും. ഇതിനായി ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ ഓഫിസ് പഴശ്ശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതിയുടെ ഓഫിസാക്കി ചാവശ്ശേരിയിലേക്ക് മാറ്റി. പദ്ധതിപ്രദേശത്ത് ഉടന്‍ സൈറ്റ് ഓഫിസ് തുറക്കും. സംഭരണിയില്‍ ജലസേചനത്തിനും കുടിവെള്ളത്തിനും കഴിച്ചുള്ള വെള്ളം ഉപയോഗിച്ച് 7.5 മെഗാവാട്ടിന്റെ പദ്ധിയാണ് പഴശ്ശി സാഗര്‍ ലക്ഷ്യമിടുന്നത്. ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള ആറുമാസക്കാലം വളപട്ടണം പുഴയിലേക്ക് ഒഴുക്കിക്കളയുന്ന വെള്ളമുപയോഗിച്ച് പ്രതിവര്‍ഷം 25.16 മില്യണ്‍ യൂനിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്. പഴശ്ശി പദ്ധതിയില്‍നിന്ന് കനാല്‍വഴി വെള്ളം വിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയി ല്‍ പൂര്‍ത്തിയാക്കിവരികയാണ്. അടുത്തവര്‍ഷം സപ്തംബറോടെ മെയിന്‍ കനാല്‍ വഴി വെള്ളമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. പദ്ധതിയുടെ മെയിന്‍ കനാല്‍ വഴിയും സബ് കനാല്‍ വഴിയും വെള്ളം എത്തിക്കാനായാല്‍ ജില്ലയുടെ പകുതിയോളം പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമുണ്ടാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സംഭരണിയില്‍ 19.50 മീറ്റര്‍ വെള്ളമുണ്ടെങ്കില്‍ പോലും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുംവിധത്തിലാണ് കെഎസ്ഇബി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സംഭരണിയില്‍നിന്ന് 80 മീറ്റര്‍ നീളത്തില്‍ വലിയ തുരങ്കം നിര്‍മിച്ച് അവിടെനിന്നു ചെറിയ മൂന്നു തുരങ്കം വഴി പവര്‍ ഹൗസിലേക്ക് വെള്ളമെത്തിച്ചാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുക. ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള പഴശ്ശി പദ്ധതിയുടെ 3.05 ഹെക്റ്റര്‍ സ്ഥലം ഇതിനായി പ്രയോജനപ്പെടുത്തും.
Next Story

RELATED STORIES

Share it