malappuram local

പള്ളി നിര്‍മിക്കാന്‍ വാങ്ങിയ ഭൂമിയില്‍ കോഴിമാലിന്യം തള്ളി



മഞ്ചേരി: പൊതു സ്ഥലങ്ങളില്‍ കോഴിമാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തനം മഞ്ചേരിയില്‍ അതിരു വിടുന്നു. ചെങ്ങണ ബൈപ്പാസില്‍ പള്ളിക്ക് വേണ്ടി  വാങ്ങിയിട്ട ഭൂമിയില്‍ കോഴിമാലിന്യം തള്ളി.  ചെങ്ങണ ബൈപ്പാസ് റോഡില്‍ പള്ളി നിര്‍മ്മിയ്ക്കാന്‍ വാങ്ങിയ സ്ഥലത്താണ് കോഴിമാലിന്യം ചാക്കില്‍ കെട്ടിയ നിലയില്‍ തള്ളിയിരിക്കുന്നത്. പഴകിയ മാലിന്യത്താല്‍ പ്രദേശത്താകെ ദുര്‍ഗന്ധം പരന്നിരിക്കുകയാണ്. കടുത്ത ദുര്‍ഗന്ധം കാരണം പ്രദേശത്തു താമസിക്കുന്നവര്‍ പരിശോധിച്ചപ്പോഴാണ് മാലിന്യം തള്ളിയത് കണ്ടെത്തിയത്. മഴ പെയ്ത് മലിന ജലം പരന്നൊഴുകിയിട്ടുമുണ്ട്. ഇത് ശുദ്ധജല സ്രോതസുകളില്‍ കലരാനുള്ള സാധ്യതയുമുണ്ട്.    ഇവിടെ രാത്രിയുടെ മറവില്‍ മാംസാവശിഷ്ടങ്ങള്‍ തള്ളുന്നത് ആവര്‍ത്തിയ്ക്കുകയാണ്. നഗരസഭയിലും പോലിസിലും ഇക്കാര്യത്തില്‍ പരാതി പറഞ്ഞാലും പ്രശ്‌ന പരിഹാരത്തിനു ശ്രമങ്ങളില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ചെങ്ങണ ബൈപ്പാസ് പരിസരം രാത്രിയാവുന്നതോടെ പലപ്പോഴും വിജനമാണ്. ഇത് മുതലെടുത്താണ് മാലിന്യ നിക്ഷേപം. വിവിധയിടങ്ങളില്‍ നിന്നും വാഹനങ്ങളില്‍ കൊണ്ടുവന്നാണ് മാലിന്യം തള്ളുന്നത്. രാത്രികാലങ്ങളില്‍ ഇതുവഴി പോലിസ് പട്രോളിംഗ് കാര്യക്ഷമമല്ലാത്തതും സാമൂഹ്യ വിരുദ്ധര്‍ക്ക് തുണയാകുന്നു. ചെങ്ങണ ബൈപ്പാസില്‍ മാംസാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വന്‍തോതിലാണ് നിക്ഷേപിക്കുന്നത്. ഇത് തെരുവു നായ്ക്കളുടെ ശല്യത്തിനു കാരണമാവുന്നു. രാത്രി ഇരുചക്ര വാഹനങ്ങളില്‍ ബൈപ്പാസ് വഴി പോവുന്നവര്‍ക്കു നേരെ തെരുവു നായ്ക്കളുടെ ആക്രമണം ഉണ്ടാവുന്നത് പതിവാണ്. കൃത്യമായ നിരീക്ഷണ സംവിധാനം ഇല്ലാത്തതിനാല്‍ മേഖലയില്‍ പെരുകുന്ന മാലിന്യം ജനജീവിതം ദുസ്സഹമാക്കുകയാണ്. ആരാധനാലയം നിര്‍മ്മിക്കുന്ന സ്ഥലത്ത് മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധം ശക്തമാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മാലിന്യം നീക്കം ചെയ്ത് പ്രശ്‌നത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരും രംഗത്തുണ്ട്.
Next Story

RELATED STORIES

Share it