World

പലായനം ചെയ്ത രോഹിന്‍ഗ്യകളുടെ മണ്ണില്‍ സൈനികത്താവളം ഒരുക്കി മ്യാന്‍മര്‍

നേപിഡോ: മ്യാന്‍മറില്‍ രോഹിന്‍ഗ്യകള്‍ താമസിച്ചിരുന്ന ഭൂമി കുടിയൊഴിപ്പിച്ച് മ്യാന്‍മര്‍ സൈനികത്താവളം ഒരുക്കുന്നുവെന്ന് ആംനസ്റ്റി റിപോര്‍ട്ട്. സാറ്റലൈറ്റ് ചിത്രങ്ങളിലാണ് രോഹിന്‍ഗ്യകള്‍ താമസിച്ചിരുന്ന ഇടങ്ങളില്‍ സൈനികത്താവളങ്ങള്‍ക്കായി പ്രദേശം മാറുന്നതായി തെളിവുകള്‍ ലഭിച്ചത്. അഭയാര്‍ഥികളുടെ തിരിച്ചുവരവ് തടയാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നാണ് ആക്ഷേപം. രോഹിന്‍ഗ്യകളുടെ വീടുകള്‍, ആരാധനയ്ക്കായി ഉപയോഗിച്ചിരുന്ന പള്ളികള്‍ എന്നിവ വ്യാപകമായി തകര്‍ക്കപ്പെട്ടിട്ടുണ്ട്.
റാഖൈനിലാണ് സൈന്യം വലിയതോതില്‍ ഭൂമി പിടിച്ചെടുക്കുന്നത്. കലാപകാലത്ത് തീപ്പിടിത്തത്തില്‍ നശിക്കാതിരുന്ന മൂന്നു മുസ്‌ലിം പള്ളികള്‍ സൈന്യം തകര്‍ത്തിട്ടുണ്ട്. പള്ളികളുടെ മേല്‍ക്കൂരയും മറ്റും പൊളിച്ചു നീക്കിയ നിലയിലാണ്. മറ്റൊരു ഗ്രാമത്തില്‍ മസ്ജിദ് നിന്നിടത്ത് പോലിസ് പോസ്റ്റാണ് ഇപ്പോഴുള്ളത്.
രോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ ഉണ്ടായിരുന്ന ഇടങ്ങളില്‍ വീട്, റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്്. വികസനത്തിന്റെ പേരിലും രോഹിന്‍ഗ്യകളെ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കുകയാണ്. ഇവിടങ്ങളില്‍
സൈനികത്താവളങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്നും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
ഇതോടെ മ്യാന്‍മറില്‍ ബാക്കിയായ രോഹിന്‍ഗ്യകള്‍ നിര്‍ബന്ധമായും കുടിയൊഴിപ്പിക്കപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്നാല്‍, പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ക്ക് മറുപടി നല്‍കാന്‍ മ്യാന്‍മര്‍ സര്‍ക്കാരോ സൈനിക വൃത്തങ്ങളോ തയ്യാറായിട്ടില്ല. 2017ല്‍ സര്‍ക്കാര്‍ ഒത്താശയോടെ നടത്തിയ വംശീയ ആക്രമണങ്ങളെ തുടര്‍ന്ന് 70,000ഓളം മുസ്‌ലിങ്ങളാണ് മ്യാന്‍മറില്‍ നിന്നും പലായനം ചെയ്തിരുന്നത്. മ്യാന്‍മര്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ അടിച്ചമര്‍ത്തലുകളെ യുഎന്‍വംശീയ ഉന്മൂലനമെന്നാണ് വിശേഷിപ്പിച്ചത്.
Next Story

RELATED STORIES

Share it