kannur local

പലയിടത്തും അക്രമം; ജില്ലയില്‍ വീണ്ടും സംഘര്‍ഷഭീതി

കണ്ണൂര്‍: ഒരിടവേളയ്ക്കു ശേഷം ജില്ല വീണ്ടും സംഘര്‍ഷഭീതിയില്‍. പലയിടത്തും പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കുകയും എതിരാളികളുടെ വീടുകളില്‍ റീത്ത് വയ്ക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഒരു ഡസനോളം ആക്രമണങ്ങളാണുണ്ടായത്.
പയ്യന്നൂര്‍, പാപ്പിനിശ്ശേരി, പള്ളിക്കുന്ന്, കല്യാശ്ശേരി, പെരളശ്ശേരി ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. പലയിടത്തും സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും ഓഫിസുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇതിനിടെ, ജില്ലാ പോലിസ് മേധാവിയെ സ്ഥലംമാറ്റിയതും സംഘര്‍ഷസാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരു മാസത്തിനിടെ അഞ്ചിലേറെ സ്ഥലങ്ങളില്‍ നിന്നായി ബോംബുകളും ആയുധശേഖരവും പിടികൂടിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കാനായി ആയുധങ്ങളും ബോംബുകളും ശേഖരിക്കുന്നതായാണു വിവരം. പ്രത്യേകിച്ച് മുന്‍കാലങ്ങളിലെല്ലാം ഉല്‍സവ സീസണുകളിലാണ് സിപിഎം- ആര്‍എസ്എസ് സംഘര്‍ഷം ഉടലെടുക്കാറുള്ളത്. ഇക്കുറിയും ഉല്‍സവ സീസണില്‍ ചിലയിടങ്ങളില്‍ അക്രമങ്ങളുണ്ടായി. ഇത് രാഷ്ട്രീയ അക്രമങ്ങളിലേക്കു വ്യാപിക്കുകയാണു ചെയ്യുന്നത്.
പോലിസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ഇരുപക്ഷ വും ആരോപിക്കുമ്പോഴും അക്രമങ്ങള്‍ പതിവുപോലെ തുടര്‍ക്കഥയാവുന്നത് സമാധാനകാംക്ഷികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
Next Story

RELATED STORIES

Share it