palakkad local

പരേതര്‍ക്ക് പെന്‍ഷന്‍: സിപിഎം പ്രാദേശിക നേതാവിനെതിരെ അന്വേഷണം ഊര്‍ജിതം

ആലത്തൂര്‍: മരിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കിയ സംഭവത്തില്‍ പോലിസും സഹകരണ വകുപ്പും തപാല്‍ വകുപ്പും അന്വേഷണം ഊര്‍ജിതമാക്കി. അയിലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മൂന്നു പേര്‍ക്കാണ് മരിച്ചതിനുശേഷവും, തപാല്‍ ഓഫിസ് വഴിയും പിന്നീട് സഹകരണ ബാങ്ക് വഴിയും നേരിട്ടും പെന്‍ഷന്‍ വിതരണം ചെയ്തത്. മരിച്ച അച്ഛന്റെ പേരിലുള്ള പെന്‍ഷന്‍ 2015 നവംബര്‍ മുതല്‍ കൈപ്പറ്റിയതായി കാണിച്ച് കയറാടി തെങ്ങുംപാടം സ്വദേശിയായ സേതുവിന്റെ മകന്‍ കൃഷ്ണന്‍ കുട്ടിയാണ് നെന്മാറ പോലിസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ പോലിസ് പ്രാഥമിക അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സുന്ദരനെതിരെ പോലിസ് കേസെടുത്തത്. എന്നാല്‍ അന്വേഷണത്തില്‍ ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് നെന്മാറ എസ്‌ഐ പറഞ്ഞു.
ഗ്രാമപഞ്ചായത്തംഗങ്ങളായ എം പത്മഗിരീശന്‍, എസ് എം ഷാജഹാന്‍ എന്നിവര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായി. അയിലൂര്‍ സഹകരണ ബാങ്കില്‍ നിന്ന് പെന്‍ഷന്‍ വിതരണം ചെയ്യുന്ന ഏജന്റാണ് സുന്ദരന്‍. സഹകരണ വകുപ്പ് ചിറ്റൂര്‍ അസി.രജിസ്ട്രാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍  ക്രമക്കേട് കണ്ടെത്തി. ഇതേ തുടര്‍ന്ന് ക്രമക്കേടിലൂടെ അപഹരിച്ച തുക ഈടാക്കുവാനും, ഇയാള്‍ക്കെതിരെ പോലിസില്‍ ക്രമിനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുവാനും, ജോലിയില്‍ നിന്ന് ഒഴിവാക്കുവാനും അസി.രജിസ്ട്രാര്‍ ശബരിനാഥന്‍ ബാങ്കിന് നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്ന് സുന്ദരനില്‍ നിന്ന് 18,500 രൂപ ഈടാക്കുകയും, ഇയാള്‍ക്കെതിരെ ബാങ്ക് അധികൃതര്‍ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു.
തപാല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം തുടരുകയാണ്. ഇതിനിടെ പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.
Next Story

RELATED STORIES

Share it