Flash News

പരീക്ഷാ നിബന്ധനകളുടെ പേരില്‍ വിദ്യാര്‍ഥിനിയെ അടിവസ്ത്രം അഴിപ്പിച്ച് അവഹേളിച്ചതായി പരാതി

പരീക്ഷാ നിബന്ധനകളുടെ പേരില്‍ വിദ്യാര്‍ഥിനിയെ അടിവസ്ത്രം അഴിപ്പിച്ച്  അവഹേളിച്ചതായി പരാതി
X


കണ്ണൂര്‍: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയെ പരീക്ഷാ നിബന്ധനകളുടെ പേരില്‍ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച് അപമാനിച്ചതായി പരാതി. കണ്ണൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പരീക്ഷാ ഹാളിലേക്കു കയറുംമുമ്പ് ഡ്രസ് കോഡിന്റെ പേരില്‍ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചെന്നാണു പരാതി. മറ്റു ചില വിദ്യാര്‍ഥിനികള്‍ക്കും സമാനമായ അപമാനം നേരിടേണ്ടി വന്നു.

എന്നാല്‍ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായുള്ള നടപടികളേ സ്വീകരിച്ചുള്ളൂവെന്നാണ് അധികൃതരുടെ വിശദീകരണം. ഡ്രസ് കോഡ് വേണോയെന്ന് അപേക്ഷാഫോമില്‍ ചോദിച്ചിരുന്നെന്നും വേണ്ടെന്നാണു താന്‍ വ്യക്തമാക്കിയിരുന്നതെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍, രാവിലെ സ്‌കൂളില്‍ എത്തിയപ്പോഴാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. പരീക്ഷാഹാളിനു പുറത്ത് ഡ്രസ് മുഴുവന്‍ മാറ്റിച്ചു. പരിശോധനയ്ക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍ നിന്നു ബീപ് ശബ്ദം വന്നപ്പോള്‍ അടിവസ്ത്രമുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ഊരി പരിശോധിച്ചെന്നും പെണ്‍കുട്ടി പറയുന്നു.

പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ വിദ്യാര്‍ഥിനി തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 18, 19 പ്രായമുള്ള പെണ്‍കുട്ടികളാണ് സ്‌കൂളില്‍ പരീക്ഷയെഴുതുന്നതെന്നും മകള്‍ പരീക്ഷാഹാളിലേക്ക് പോയി ഉടന്‍ തിരിച്ചെത്തിയെന്നും കുട്ടിയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞു. പരീക്ഷാച്ചുമതലയുള്ളവര്‍ അടിവസ്ത്രം നിര്‍ബന്ധിച്ച് ഊരിപ്പിച്ചെന്നാണ് മകള്‍ പറഞ്ഞതെന്നും അമ്മ വ്യക്തമാക്കി. ജീന്‍സ് ധരിച്ചതിനാണ് മറ്റൊരു വിദ്യാര്‍ഥിനിയെ അപമാനിച്ചത്. ജീന്‍സിലെ പോക്കറ്റും മെറ്റല്‍ ബട്ടണും മാറ്റണമെന്നായിരുന്നു അധികൃതരുടെ ആവശ്യം. വിട്ടുവീഴ്ചയ്ക്കു തയാറാകാതിരുന്നതോടെ പെണ്‍കുട്ടിയുടെ പിതാവ് മൂന്നു കിലോമീറ്റര്‍ യാത്രചെയ്തു കട തുറപ്പിച്ച് പുതിയ വസ്ത്രം വാങ്ങിക്കേണ്ടിവന്നു. കടുത്ത നിബന്ധനകളാല്‍ ഒരു മുസ്‌ലിം വിദ്യാര്‍ഥി ആറു ജോടി ഉടുപ്പുമായാണ് പരീക്ഷാസെന്ററില്‍ എത്തിയത്. എന്നിട്ടും മുഴുനീള ഉടുപ്പിന്റെ കൈ വെട്ടിച്ചെറുതാക്കിയശേഷം മാത്രമേ പരീക്ഷാഹാളിലേക്കു കയറ്റിയുള്ളൂവെന്നൂ രക്ഷിതാവ് പരാതിപ്പെട്ടു. മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിന് അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷയാണ് ഞായറാഴ്ച നടന്നത്. രാജ്യത്ത് 104 നഗരങ്ങളിലായി 11 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി.
Next Story

RELATED STORIES

Share it