Idukki local

പരിസ്ഥിതിദിനത്തില്‍ വേറിട്ട പ്രവര്‍ത്തനങ്ങളുമായി ഫ്യുജിഗംഗ



തൊടുപുഴ: ഫ്യൂജിഗംഗ തൊടുപുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം വ്യത്യസ്താനുഭവമായി. ഫ ്യൂജിഗംഗയുടെ ആഭിമുഖ്യത്തില്‍ നട്ട് പരിപാലിച്ച രണ്ട് വൃക്ഷങ്ങളുടെ വാര്‍ഷികവും തുടര്‍ പരിപാലന നടപടികളുമാണ് ദിനാചരണത്തെ വേറിട്ടതാക്കിയത്. ഒപ്പം അന്നു വൃക്ഷത്തൈകള്‍ നട്ടവര്‍ വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തു കൂടുകയും ചെയ്തു. തൊടുപുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്്. സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി 2007ല്‍ ഫ്യൂജി ഗംഗ സ്‌കൂള്‍ അങ്കണത്തില്‍ നട്ട ആദ്യ തൈ ഇന്നു വളര്‍ന്ന് പന്തലിച്ച് വലിയ വൃക്ഷമായി.ആ മരത്തിന്റെ പത്താം വാര്‍ഷികമാണ് ആചരിച്ചത്്. രണ്ടാമത്തെ മരം നടുന്നത് 2010 ഒക്ടോബര്‍ എട്ടിനാണ്. വനം വകുപ്പിന്റെ സഹകരണത്തോടെ മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്‌നേഹതണല്‍ പദ്ധതിയുടെ ഭാഗമായി മുതുകാട് മാജിക്കിലൂടെ പ്രതീകാത്മകമായി സൃഷ്ടിച്ച ഇലഞ്ഞി മരമാണ് ജിജോ ജോണി, കൃഷ്ണദാസ്, ഹസ്‌ന എന്നീ മൂന്നു കൊച്ചുകുട്ടികള്‍ ചേര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ നട്ടത്. 2007ല്‍ മരം നടുന്നതിന് നേതൃത്വം നല്‍കിയ മാന്ത്രികന്‍ മുതുകാട്, വൃക്ഷം നട്ട ജിജോ ജോണി, കൃഷ്ണദാസ്, എന്നീ കുട്ടികളും പരിപാടിയില്‍ വീണ്ടും ഒത്തു ചേര്‍ന്നു .ഹസ്‌ന കണ്ണൂരിലായതിനാല്‍ സ്ഥലത്ത് എത്താനായില്ല.  തൊടുപുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന നാളേയ്ക്ക് ഒരു തണല്‍ പരിപാടിയുടെ ഉദ്ഘാടനം പി ജെ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. തൊടുപുഴ നഗരസഭാ അദ്ധ്യക്ഷ സഫിയ ജബ്ബാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുത്തു.
Next Story

RELATED STORIES

Share it