പരിഷ്‌കരണമില്ല; ഭിന്നശേഷിക്കാരുടെ പഠനം തളരുന്നു

ടി പി ജലാല്‍
മലപ്പുറം: സംസ്ഥാനത്തുടനീളം ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്കെത്തിക്കാനുള്ള സംയോജിത വിദ്യാഭ്യാസരീതി പരിഷ്‌കരിക്കാതെ അധികൃതര്‍. കഴിഞ്ഞ 40 വര്‍ഷമായി തുടരുന്ന രീതി തന്നെയാണ് ഇപ്പോഴും സ്വീകരിച്ചുവരുന്നത്.
ഇവരുടെ വിദ്യാഭ്യാസം ഉയര്‍ത്താനുള്ള കാര്യമായ ഒരു മാറ്റവും ഇന്നേവരെ ഉണ്ടായിട്ടില്ലെന്നാണു പരാതി. മറ്റുള്ള കുട്ടികളെപ്പോലെ തന്നെ ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെയും പരിഗണിക്കണമെന്നതുപോലും അവഗണിക്കപ്പെടുകയാണ്. എല്‍പി, യുപി തലത്തില്‍ ഒരു ബിആര്‍സിക്കു കീഴില്‍ ഒന്നോ രണ്ടോ പഞ്ചായത്തുകളിലെ മുഴുവന്‍ സ്‌കൂളുകളിലേക്കും ഒരു റിസോഴ്‌സ് ടീച്ചറെന്ന രീതി തന്നെയാണ് ഇപ്പോഴും തുടരുന്നത്. അതേസമയം, എട്ടു കുട്ടികള്‍ക്ക് ഒരു റിസോഴ്‌സ് ടീച്ചറെന്ന അനുപാതമാണ് ഭിന്നശേഷി നിയമത്തി(ആര്‍പിഡബ്ല്യുഡി ആക്റ്റ്)ല്‍ പറയുന്നത്.
15 കുട്ടികള്‍ക്ക് ഒരു അധ്യാപകനെന്ന നിലയിലെങ്കിലും പ്രാവര്‍ത്തികമാക്കിയാല്‍ പ്രശ്‌നം കുറച്ചെങ്കിലും പരിഹരിക്കാനാവും. എന്നാല്‍, മിക്ക സ്‌കൂളുകളും റിസോഴ്‌സ് റൂം പോലുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഉള്ള റിസോഴ്‌സ് റൂമുകളാവട്ടെ ഭൂരിഭാഗം സര്‍ക്കാര്‍ സ്‌കൂളുകളിലും കോണിപ്പടിയിലും വരാന്തയിലുമാണ്. വിദ്യാര്‍ഥികള്‍ക്കു വേണ്ട സ്പീച്ച് തെറാപ്പി മലപ്പുറം ജില്ലയിലെ ആറു ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് ഒരെണ്ണം മാത്രമാണുള്ളത്. മറ്റു ജില്ലകളിലെയും സ്ഥിതി സമാനമാണ്. ഒരുമാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ കുട്ടികള്‍ക്ക് ഇത് ഉപകാരപ്പെടുകയുള്ളൂ. മാത്രമല്ല, ഇതിനായി കിലോമീറ്ററുകള്‍ യാത്രചെയ്യേണ്ട ഗതികേടിലുമാണ്.
Next Story

RELATED STORIES

Share it