palakkad local

പരിമിതികള്‍ക്കിടയിലും പോത്തുണ്ടി ഉദ്യാനം 50ാം പിറന്നാളിനൊരുങ്ങുന്നു



ആലത്തൂര്‍: പാവപ്പെട്ടവരുടെ ഊട്ടിയായ നെല്ലിയാമ്പതിയുടെ താഴ്‌വരയിലെ പോത്തുണ്ടി ഉദ്യാനം പരിമിതികള്‍ക്കിടയിലും അമ്പതാം പിറന്നാളിനൊരുങ്ങുന്നു. 1958ല്‍ കേരള ഗവര്‍ണറായിരുന്ന ഡോ. ആര്‍ രാമകൃഷ്ണ റാവുവാണ് പോത്തുണ്ടി ഡാമിന്റെ നിര്‍മാണം ആരംഭിച്ചത്. 1966 ലാണ് മണ്ണ് കൊണ്ടുണ്ടാക്കിയ 1672 മീറ്റര്‍ നീളമുള്ള അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഇതിനുശേഷമാണ് ജലസംഭരണിക്കു താഴെ ചെറിയ തോതില്‍ പൂന്തോട്ടം വച്ചുപിടിപ്പിച്ചു തുടങ്ങിയത്. ഈ പൂന്തോട്ടമാണ് പിന്നീട് വിവിധ ഘട്ടങ്ങളിലായി നവീകരിച്ചത്. 2008ലാണ് അവസാനമായി പൂന്തോട്ടം നവീകരിക്കുകയും കൂടുതല്‍ പൂച്ചെടികളും, അലങ്കാര പുഷ്പങ്ങളും, നടപ്പാതകളും, ഇരിപ്പിടങ്ങളും ഉള്‍പ്പെടെ നിര്‍മിച്ച് മനോഹരമാക്കിയത്. തുടര്‍ന്ന് ഉദ്യാന സന്ദര്‍ശനത്തിന് പ്രവേശന ഫീസും ഏര്‍പ്പെടുത്തി. ഉദ്യാനത്തിനകത്ത് ആവശ്യത്തിന് വൈദ്യുതി വെളിച്ചമില്ലാത്തതിനാല്‍ വൈകീട്ട് ആറു മണിവരെ മാത്രമാണ് പ്രവേശനമുള്ളത്. അതുകൊണ്ട് തന്നെ നെല്ലിയാമ്പതി കണ്ടു മടങ്ങിവരുന്നവര്‍ക്ക് പോത്തുണ്ടി ഉദ്യാനത്തിന്റെ കാഴ്ച്ചകള്‍ കാണാന്‍ കഴിയാത്ത സ്ഥിതിയാണ്. ഉദ്യാനത്തില്‍ നിലവിലുള്ള ജലധാരകള്‍ പ്രവര്‍ത്തന ക്ഷമമല്ലാത്തതും, ഒഴിഞ്ഞ ഭാഗങ്ങള്‍ കാടുകയറി കിടക്കുന്നതും ഇപ്പോഴും പരിമിതിയായി തുടരുന്നു. 50ാം പിറന്നാള്‍ ആഘോഷത്തിലെത്തിയ പോത്തുണ്ടി ഉദ്യാനത്തിന്റെ നവീകരണത്തിന് കെ ബാബു എംഎല്‍എയുടെ നേതൃത്വത്തില്‍ എട്ടുകോടി രൂപയുടെ പദ്ധതി തയ്യാറാക്കി ഭരണാനുമതിക്കായി കാത്തിരിക്കുന്നത്. ഉദ്യാനത്തോട് ചേര്‍ന്നുള്ള പുതിയ സ്ഥലത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പുതിയ പദ്ധതി. നീന്തല്‍ക്കുളം, നടപ്പാതകള്‍, പൂന്തോട്ടം കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങള്‍, പുതിയ ജലധാരകള്‍ തുടങ്ങിയവയും, ഡാമിന്റെ  മുകള്‍ഭാഗത്തും, ഉദ്യാനത്തിലും ദീപാലങ്കാരം എന്നിവയുമാണ് പുതിയ പദ്ധതിയിലുള്ളത്. അമ്പതാം വാര്‍ഷികാഘോഷ പരിപാടികള്‍ ഡിസംബറില്‍ നടത്താനാണ് അധികൃതരുടെ തീരുമാനം.
Next Story

RELATED STORIES

Share it