malappuram local

പരാതി നല്‍കിയയാളെ വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചു

കൊണ്ടോട്ടി: നെടിയിരുപ്പ് വില്ലേജ് ഓഫിസിനെതിരേ പരാതി നല്‍കിയയാളെ ഉദ്യോഗസ്ഥന്‍ മര്‍ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എഐവൈഎഫിന്റെ നേതൃത്വത്തില്‍ നെടിയിരുപ്പ് വില്ലേജ് ഓഫിസില്‍ കുത്തിയിരുപ്പ് സമരം നടത്തി. ഇന്നലെ രാവിലെ നെടിയിരുപ്പ് വില്ലേജ് ഓഫിസിന് മുമ്പിലാണ് സംഭവം.  കൊണ്ടോട്ടി തഹസില്‍ദാര്‍ സ്ഥലത്തെത്തിയതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. മര്‍ദിച്ചെന്ന് ആരോപണം ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരേ നടപടി എടുക്കാമെന്നതിന്റെ അടിസ്ഥാനത്തിലാണ് സമരം തീര്‍ന്നത്.
ആരോപണവിധേയനായ ഉദ്യോഗസ്ഥനെ താല്‍ക്കാലികമായി താലൂക്ക് ഓഫിസിലേക്ക് മാറ്റിയതായി തഹസില്‍ദാര്‍ അറിയിച്ചു. വിഷയം ജില്ലാ കലക്ടറെ അറിയിച്ചതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പാണ് വില്ലേജ് ഓഫിസിനെതിരേ ജില്ലാ കലക്ടര്‍ക്ക് ചിറയില്‍ സ്വദേശിയായ ശുഹൈബ് പരാതി നല്‍കിയത്. തുടര്‍ന്ന് ചൊവാഴ്ച വിഷയത്തില്‍ എഡിഎമ്മിന്റെ സാന്നിധ്യത്തില്‍ തെളിവെടുപ്പ് നടന്നിരുന്നു.
തെളിവെടുപ്പില്‍ പരാതിക്കാരന്‍ വില്ലേജ് ഉദ്യോഗസ്ഥനെതിരേ മൊഴി നല്‍കി. ഇതില്‍ കലിപൂണ്ട് ഇന്നലെ രാവിലെയാണ് ഉദ്യോഗസ്ഥന്‍ പരാതിക്കാരനെ മര്‍ദിച്ചത്. സമരത്തിന് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ.കെ കെ സമദ്, സി പി നിസാര്‍, ഇ കുട്ടന്‍, കെ പി അസീസ് ബാവ, മൂസ, പ്രഭാകരന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it