Cricket

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ
X

രാജ്‌കോട്ട്:  ഇന്ത്യ - ന്യൂസിലന്‍ഡ് രണ്ടാം ട്വന്റി മല്‍സരം ഇന്ന് രാജ്‌കോട്ടില്‍. ആദ്യ മല്‍സരത്തിലെ വിജയത്തോടെ കിവീസിനെ ട്വന്റിയില്‍ തോല്‍പ്പിക്കാനാവാത്ത ടീമെന്ന ചീത്തപ്പേര് മായ്ച്ച്കളഞ്ഞ ഇന്ത്യ ഇന്നത്തെ ജയത്തോടെ പരമ്പര സ്വന്തമാക്കാനുറച്ചാവും കളത്തിലിറങ്ങുക. അതേ സമയം ആദ്യ മല്‍സരത്തിലെ തോല്‍വി മറന്ന് വിജയത്തിലേക്ക് തിരിച്ചെത്താന്‍ ലക്ഷ്യമിട്ടാവും കിവീസ് പാഡണിയുക.

ബാറ്റിങ് കരുത്തോടെ ഇന്ത്യ
മികച്ച ഫോമില്‍ ബാറ്റ് വീശുന്ന ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമാണ് ഇന്ത്യയുടെ കരുത്ത്. ഓപണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും ചേര്‍ന്ന് വെടിക്കെട്ട് പ്രകടനമാണ് ഒന്നാം വിക്കറ്റില്‍ കാഴ്ചവക്കുന്നത്. ന്യൂഡല്‍ഹിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഇരുവരുടേയും വെടിക്കെട്ട് അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറപാകിയത്. ഏകദിനത്തിലെ മിന്നും ഫോം ട്വന്റിയിലും നിലനിര്‍ത്തുന്ന വിരാട് കോഹ്‌ലിയും ഇന്ത്യയുടെ വിജയ പ്രതീക്ഷകളെ സജീവമാക്കുന്നു. ആദ്യ ട്വന്റിയിലെ അവസാന ഓവറുകളില്‍ കോഹ്‌ലി നടത്തിയ വെടിക്കെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനെ 200 കടത്തിയത്. കൂടാതെ ഇന്നത്തെ മല്‍സരത്തില്‍ 12 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്താല്‍ ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും കോഹ്‌ലിക്ക് ലഭിക്കും.  80 മല്‍സരങ്ങളില്‍ നിന്ന് 1889 റണ്‍സ് അടിച്ചെടുത്ത മുന്‍ ശ്രീലങ്കന്‍ താരം തിലകരത്‌ന ദില്‍ഷന്റെ റെക്കോഡാണ് കോഹ്‌ലി മറികടക്കാനൊരുങ്ങുന്നത്. 71 മല്‍സരങ്ങളില്‍ നിന്ന് 2140 റണ്‍സ് നേടിയ മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലമാണ് റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത്. ബാറ്റിങ് നിരയില്‍ കരുത്ത് പകരാന്‍ മധ്യനിരയില്‍ എംഎസ് ധോണിക്കും ഹര്‍ദിക് പാണ്ഡ്യയ്ക്കുമൊപ്പം ശ്രേയസ് അയ്യരും ഇറങ്ങും. വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് മികച്ച ഫോമിലേക്കുയരാന്‍ കഴിയാത്തത് ഇന്ത്യക്ക് തലവേദനയാവുന്നുണ്ട്. ധോണിയുടെ ട്വന്റിയിലെ ബാറ്റിങ് പ്രകടനവും ഇന്ത്യക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതല്ല.ആദ്യ മല്‍സരത്തിലെ ടീമില്‍ നിന്ന് ഒരു വ്യത്യാസം മാത്രം വരുത്തിയാവും ഇന്ത്യ ഇന്നിറങ്ങുക. ആദ്യ ട്വന്റിയിലൂടെ ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ച ആശിഷ് നെഹ്‌റയ്ക്ക പകരം യുവ താരം മുഹമ്മദ് സിറാജിന് അരങ്ങേറ്റ മല്‍സരം കളിക്കാന്‍ അവസരം നല്‍കുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി മികച്ച പ്രകടനമാണ് സിറാജ് പുറത്തെടുത്തത്. ബൗളിങ് നിരയില്‍ ജസ്പ്രീത് ബൂംറയും ഭുവനേശ്വര്‍ കുമാറും മികച്ച പ്രകടനം പുറത്തെടുക്കുന്നതും ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പുറത്തിരുത്തി സ്പിന്‍കെണി ഒരുക്കാന്‍ അക്‌സര്‍ പട്ടേലും യുസ്‌വേന്ദ്ര ചാഹലും തന്നെയാവും ഇന്നും ഇന്ത്യക്കുവേണ്ടി ഇറങ്ങുക.

തിരിച്ചടിക്കാന്‍ ന്യൂസിലന്‍ഡ്

ആദ്യ മല്‍സരത്തിലെ നാണംകെട്ട തോല്‍വിക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കാനുറച്ചാവും കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തിലുള്ള കിവീസ് പട ഇറങ്ങുക. ബാറ്റിങ് കരുത്തും ബൗളിങ് കരുത്തും ഏറെയുണ്ടെങ്കിലും താരങ്ങള്‍ക്ക് അവസരത്തിനൊത്ത് ഉയരാന്‍ കഴിയാത്തതാണ് കിവീസിന്റെ തിരിച്ചടി. ബാറ്റിങില്‍ വെടിക്കെട്ട് ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ പ്രകടനം നിരാശാജനകമാണ്. ഏകദിനത്തിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന ഗുപ്റ്റില്‍ ഫോം കണ്ടെത്തിയാല്‍ ന്യൂസിലന്‍ഡിന് വിജയം പ്രതീക്ഷിക്കാം. കോളിന്‍ മുന്റോ, നായകന്‍ കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ എന്നിവരും മികവിനൊത്ത് ഉയര്‍ന്നാല്‍ ന്യൂസിലന്‍ഡിന് വിജയം കൈപ്പിടിയിലാക്കാം. മധ്യ നിരയില്‍  ടോം ലാദം സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.ബൗളിങില്‍ ഇന്ത്യന്‍ മണ്ണില്‍ അനുഭവ സമ്പത്തേറെയുള്ള ടിം സൗത്തിയും ട്രന്റ് ബോള്‍ട്ടും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. റണ്ണൊഴുക്ക് തടയുന്നതില്‍ ഇരുവരും പരാജയപ്പെടുന്നതാണ് കിവീസിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. സ്പിന്‍ ബൗളര്‍ മിച്ചല്‍ സാന്റര്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മൂന്ന് മല്‍സര പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിട്ട് നില്‍ക്കുന്നതിനാല്‍ എന്ത് വിലകൊടുത്തും സമനില പിടിക്കാനാവും കിവീസ് ശ്രമിക്കുക.  മല്‍സരം   രാത്രി   7  മുതല്‍   സ്റ്റാര്‍   സ്‌പോര്‍ട്‌സ് 1ല്‍
Next Story

RELATED STORIES

Share it