Flash News

പയ്യന്നൂരിലും തൊടുപുഴയിലും വാനാക്രൈ സൈബര്‍ ആക്രമണം



പയ്യന്നൂര്‍/തൊടുപുഴ: കണ്ണൂരിലും തൊടുപുഴയിലും വാനാക്രൈ ആക്രമണം റിപോര്‍ട്ട് ചെയ്തു. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലാണ് ആദ്യ സംഭവം റിപോര്‍ട്ട് ചെയ്തത്. പോലിസ് സ്‌റ്റേഷന് മുന്‍വശത്തെ അര്‍ബന്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയില്‍ ഇന്നലെ വൈകീട്ടാണ് കംപ്യൂട്ടറുകള്‍ റാന്‍സംവെയര്‍ വൈറസ് ആക്രമണത്തിന് ഇരയായത്. ഡാറ്റകള്‍ തിരികെ ലഭിക്കണമെങ്കില്‍ 300 ഡോളറിന് തുല്യമായ ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍, ഡാറ്റകള്‍ നേരത്തേ വേറൊരു ഡ്രൈവില്‍ സേവ് ചെയ്തു വച്ചിരുന്നതിനാല്‍ സുരക്ഷിതമായി കംപ്യൂട്ടറുകള്‍ ഫോര്‍മാറ്റ് ചെയ്ത് പ്രശ്‌നം പരിഹരിച്ചു. മറ്റൊരു സംഭവമുണ്ടായത് തൊടുപുഴയിലാണ്. കാന്തല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കംപ്യൂട്ടറിലാണ് വാനാക്രൈ ആക്രമണം നടന്നതായി സ്ഥിരീകരിച്ചത്. സന്ദേശങ്ങള്‍ അയക്കുന്നതിനും മറ്റുമായി മാത്രം ഉപയോഗിച്ചിരുന്ന പഴക്കംചെന്ന കംപ്യൂട്ടറിലാണ് വൈറസ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് സെക്രട്ടറി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് മോണിറ്ററില്‍ വാനാക്രൈ വൈറസ് ബാധിച്ചതായി സൂചന ലഭിച്ചത്. പിന്നീട് പഞ്ചായത്തിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് കേരള ഐടി മിഷനുമായി ബന്ധപ്പെട്ടപ്പോള്‍ സെര്‍വറുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ മറ്റു കംപ്യട്ടറുകള്‍ വരുംദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്ന നിര്‍ദേശം ലഭിച്ചു. കേരള ഐടി മിഷനില്‍ നിന്നുള്ള വിദഗ്ധര്‍ എത്തി സുരക്ഷയൊരുക്കിയാല്‍ മാത്രമേ പഞ്ചായത്തിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാനാവു. ഫയലുകള്‍ സൂക്ഷിക്കാത്ത കംപ്യൂട്ടറായതിനാല്‍ ഓഫിസ് രേഖകള്‍ നഷ്ടമാവാന്‍ സാധ്യതയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഓഫിസിലെ ഏറ്റവും പഴയ കംപ്യൂട്ടറിലാണ് വാനാക്രൈ ആക്രമണം ഉണ്ടായത്.
Next Story

RELATED STORIES

Share it