Flash News

പന്നീര്‍സെല്‍വം പക്ഷം നിലപാട് കടുപ്പിച്ചു : ലയനനീക്കം സ്തംഭിച്ചു



ചെന്നൈ: പന്നീര്‍സെല്‍വം വിഭാഗം നിലപാട് കടുപ്പിച്ചതോടെ അണ്ണാ ഡിഎംകെ വിഭാഗങ്ങള്‍ തമ്മിലുള്ള ലയനം കീറാമുട്ടിയായി. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികല, ടി ടി വി ദിനകരന്‍ എന്നിവരെ കൂടാതെ മുപ്പതോളം കുടുംബാംഗങ്ങളെയും ഔപചാരികമായി പുറത്താക്കണമെന്ന് പന്നീര്‍സെല്‍വം ക്യാംപ് പളനിസ്വാമി പക്ഷത്തോട് ആവശ്യപ്പെട്ടു. ജയലളിതയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും ഉപാധി വച്ചിട്ടുണ്ട്. ഇതോടെ ലയന ചര്‍ച്ച സ്തംഭിച്ചു.ശശികലയുടെയും ദിനകരന്റെയും രാജി ആദ്യം ലഭ്യമാക്കണമെന്നും പിന്നീട് അവരെ ഔപചാരികമായി പാര്‍ട്ടി പുറത്താക്കണമെന്നുമാണ് ആവശ്യപ്പെട്ടതെന്ന് പന്നീല്‍സെല്‍വം ക്യാംപിലെ കെ പി മുനുസ്വാമി അറിയിച്ചു. ശശികലയെയും ദിനകരനെയും യഥാക്രമം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്നും പന്നീല്‍സെല്‍വം ആവശ്യപ്പെട്ടിട്ടുണ്ട്. ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിടണമെന്നാണ് മറ്റൊരു പ്രധാന ഉപാധി. ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ ലയനത്തിനുള്ള ചര്‍ച്ചകള്‍ക്ക് സാധ്യതയുള്ളൂവെന്നും മുനുസ്വാമി പറഞ്ഞു.ശശികലയെയും ദിനകരനെയും പളനിസ്വാമി ക്യാംപ് പുറത്താക്കിയത് ഈമാസം 18നാണ്. അതില്‍ കള്ളക്കളിയുണ്ടെന്നാണ് പന്നീര്‍സെല്‍വം ക്യാംപ് സംശയിക്കുന്നത്.ധാരാളം കേസുകള്‍ നേരിടുന്ന ദിനകരനെ രക്ഷിക്കാന്‍ പളനിസ്വാമി ക്യാംപിനെ ശശികലയുടെ കുടുംബം ഉപയോഗിക്കുന്നുണ്ടെന്ന് തങ്ങള്‍ക്ക് വിവരം കിട്ടിയിട്ടുണ്ടെന്ന് മുനുസ്വാമി പറഞ്ഞു. ശശികലയെയും ദിനകരനെയും പുറത്താക്കികൊണ്ട് അണ്ണാ ഡിഎംകെ വിജ്ഞാപനം പുറപ്പെടുവിക്കണം. ശശികലയോടും ദിനകരനോടും ബന്ധപ്പെടരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും മുനുസ്വാമി ആവശ്യപ്പെട്ടു.എന്നാല്‍, ദിനകരനെ പുറത്താക്കിയതില്‍ നാടകമൊന്നുമില്ലെന്നാണ് പളനിസ്വാമി ക്യാംപിലെ ആര്‍ വൈദ്യലിംഗം പറഞ്ഞത്.
Next Story

RELATED STORIES

Share it