kozhikode local

പനി പടരുമ്പോഴും നാദാപുരം ഗവ. ആശുപത്രി ആംബുലന്‍സ് കട്ടപ്പുറത്ത്

നാദാപുരം: നാട് മുഴുവന്‍ പനിപ്പേടിയില്‍ കഴിയുമ്പോഴും നാദാപുരത്തെ ആംബുലന്‍സ് കട്ടപ്പുറത്ത്.ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തി പുറത്തിറക്കിയ ഗവ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സാണ് വീണ്ടും കട്ടപ്പുറത്തായത്. നിപാ പേടിയില്‍ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ സ്വകാര്യ ഡ്രൈവര്‍മാര്‍ വിമുഖത കാണിക്കുന്ന സമയത്ത് സര്‍ക്കാര്‍ ആംബുലന്‍സ് ഉപയോഗ ശൂന്യമായത് ജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്.
കേടുവന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും വാഹനം പുറത്തിറക്കാന്‍ നടപടിയെടുക്കാതെ അധികൃതര്‍ അലംഭാവം കാണിക്കുന്നതായി ആക്ഷേപം  ഉയര്‍ന്നിട്ടുണ്ട്. ഒരു ലക്ഷത്തിലധികം രൂപ  ചെലവഴിച്ച് അറ്റകുറ്റ പണി നടത്തി ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സിനാണ് ഈ ദുര്‍ഗതിഎട്ട് വര്‍ഷം മുമ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് നാദാപുരം താലൂക്ക് ആശുപത്രിക്ക് ആംബുലന്‍സ് വാങ്ങിയത്. 2017 ല്‍ മംഗലാപുരത്ത് രോഗിയേയുംകൊണ്ട്‌പോയി തിരിച്ച് വരുമ്പോള്‍ വാഹനം തകരാറിലായതോടെയാണ് ആംബുലന്‍സ് കട്ടപ്പുറത്തായത്. മാസങ്ങളോളം കാസര്‍കോട്ടെ സ്വകാര്യ കമ്പനിയില്‍ കിടന്ന വാഹനം എച്ച്എംസി ഫണ്ട് ഉപയോഗിച്ചാണ് ഏറെ കാലങ്ങള്‍ക്ക് ശേഷം പുറത്തിറക്കിയത്. കഴിഞ്ഞ നവംബര്‍ മാസം പണി പുര്‍ത്തിയാക്കിയ ആംബുലന്‍സ് ഫിറ്റ്—നസ്സ് സര്‍ട്ടിഫിക്കറ്റടക്കം ശരിയാക്കി പുറത്തിറക്കിയെങ്കിലും വീണ്ടും തകരാര്‍ ആവുകയായിരുന്നു. ഈ വര്‍ഷം ആദ്യം വടകര കൈനാട്ടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ വീണ്ടും അറ്റകുറ്റ പണികള്‍ക്കായി എത്തിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പുറത്തിറക്കാനുള്ള യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
കാസര്‍ക്കോട്ട് വര്‍ക്ക് ഷോപ്പില്‍ വേണ്ട വിധം അറ്റകുറ്റ പണി നടത്തിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഇപ്പോള്‍ അമിതമായ പുക കാരണമാണ് ആംബുലന്‍സ് ഉപയോഗിക്കാതെ വന്നത്. ശുദ്ധീകരണം നടക്കാതെ പുക പുറത്ത് പോകുന്നതാണ് പ്രധാന പ്രശ്‌നമായി വന്നത്. ഇക്കാര്യം കാണിച്ച് അധികൃതര്‍ മുമ്പ് അറ്റകുറ്റ പണി നടത്തിയ കാസര്‍ക്കോട്ടെ കമ്പനിയുടെ മറ്റൊരു സ്ഥാപനമായ കൈനാട്ടിയില്‍ തന്നെ വാഹനം എത്തിച്ച് നല്‍കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് 25000 ത്തോളം രുപ വിലയുള്ള ചില യന്ത്രഭാഗങ്ങള്‍ വാഹനത്തില്‍ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചതായി സ്ഥാപന ഉടമകള്‍ പറഞ്ഞു.
ആംബുലന്‍സിന്റെ യന്ത്ര ഭാഗങ്ങള്‍ കാണാതായ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് എച്ച്എംസി യോഗത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണറിയുതത്. സ്ഥലം എംഎല്‍എ, ഡിഎംഒ, ജില്ലാ കലക്ടര്‍ എന്നിവരെയെല്ലാം വിവരമറിയിച്ചിട്ടും നടപടികള്‍ വൈകുകയാണ്.ആദിവാസികള്‍ ഉള്‍പ്പെടെയുള്ള മലയോര മേഖലയിലെ ജനങ്ങള്‍ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് ഇല്ലാത്തത് രോഗികളെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. കൈനാട്ടിയിലെ സ്വകാര്യ വര്‍ക്ക്‌ഷോപ്പില്‍ വെയിലും മഴയുമേറ്റ് തുരുമ്പെടുക്കകയാണ് ലക്ഷങ്ങള്‍ വിലയുള്ള വാഹനമിപ്പോള്‍.
Next Story

RELATED STORIES

Share it