Flash News

പനിമരണങ്ങളുടെ കാരണങ്ങള്‍ കണ്ടെത്താന്‍ വിദഗ്ധ സംഘത്തെ അയയ്ക്കണം : ചെന്നിത്തല



തിരുവനന്തപുരം: സംസ്ഥാനത്ത്്്  പനി ബാധിച്ച് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ വിശദമായ പഠനംനടത്തി യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്താന്‍   മെഡിക്കല്‍ സംഘത്തെ അയയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയ്ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.   സംസ്ഥാനത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ പനി നിയന്ത്രണവിധേയമാക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്.   സര്‍ക്കാരിന് കീഴിലുള്ള മെഡിക്കല്‍ കോളജുകള്‍ക്കും ആരോഗ്യ ഗവേഷണ കേന്ദ്രങ്ങള്‍ക്കും ഇത്തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ പനി പടര്‍ന്നുപിടിക്കുന്നതിന്റെ ശാസ്ത്രീയ കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളിലുള്ള പരിമിതികളും ഈ രംഗത്തെ വിദഗ്ധരുടെ അഭാവവുമാണ് ഇതിനു കാരണം. അതോടൊപ്പം ജനിതകമാറ്റം വന്ന വൈറസുകളും കൊതുകുകളും പെരുകുകയും അവയെ നിയന്ത്രിക്കാനും നശിപ്പിക്കാനും കഴിയാതെവന്നിരിക്കുകയുമാണ്. ഇതിന്റെ ഫലമായി എച്ച്1, എന്‍1,  ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, കോളറ, മറ്റു തരം പനികള്‍ എന്നിവ സംസ്ഥാനത്ത് പടരുകയാണ്.  എത്രയും പെട്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്‍കൈ എടുത്ത് ഒരു വിദഗ്ധ മെഡിക്കല്‍ സംഘത്തെ കേരളത്തിലേക്കയക്കുകയും അതുവഴി കേരളീയ സമൂഹത്തെ മൊത്തത്തില്‍ ഭീതിയിലാഴ്ത്തിയിരിക്കുന്ന പനി മരണങ്ങളുടെയും പനി വ്യാപനത്തിന്റെയും യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it