Flash News

പനിക്ക് ശമനമില്ല ; 9 മരണം : ശുചീകരണത്തിന് ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് സര്‍വകക്ഷി യോഗം



തിരുവനന്തപുരം: പനി നിയന്ത്രണവിധേയമെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുമ്പോഴും കേരളത്തില്‍ പനിമരണത്തിന് അവസാനമില്ല. ഇന്നലെ 11 മാസമായ കുട്ടിയടക്കം ഒമ്പതു പേരാണ് പനി ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ആലപ്പുഴ കുറത്തിക്കാട് സുബിന്‍ (18), പാലക്കാട് ചിറ്റൂര്‍ ഇര്‍ഷാദ് (45), മണ്ണാര്‍ക്കാട് മാധവിയമ്മ (65), ഒങ്ങല്ലൂര്‍ മുഹമ്മദ് രാജിന്‍, മലപ്പുറം വഴിക്കടവ് തങ്കം (45) എന്നിവര്‍ മരിച്ചു. മലപ്പുറം നെടുവ ഖാലിദ് (80) മരിച്ചത് എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നു. ചിക്കന്‍പോക്‌സ് ബാധിച്ച് തിരുവനന്തപുരം കവടിയാര്‍ ശ്രീധറും(45) എച്ച്1 എന്‍1 ബാധിച്ച് ഇടുക്കി കുടയത്തൂര്‍ സന്ധ്യ(32)യും മരിച്ചു. കൂടാതെ കാഞ്ഞിരപ്പള്ളി സ്വദേശി സോമന്‍, നീണ്ടൂര്‍ സ്വദേശി ഗീത, തൃശൂര്‍ സ്വദേശികളായ ബിനിത, വത്സ, സുജാത എന്നിവരും പനി ബാധിച്ചാണ് മരിച്ചതെന്നു റിപോര്‍ട്ടുണ്ട്. മലേറിയ പടരുന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇന്നലെ എഴു പേരിലാണ് മലേറിയ കണ്ടെത്തിയത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ സംസ്ഥാനത്ത് 22,689 പേര്‍ പനിക്ക് ചികില്‍സ തേടി. 178 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. നാലു പേര്‍ക്ക് എലിപ്പനിയും മൂന്നു പേര്‍ക്ക് മഞ്ഞപ്പിത്തവും ആറു പേര്‍ക്ക് എച്ച്1 എന്‍1ഉം സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനിയുടെ തലസ്ഥാനവും തിരുവനന്തപുരം തന്നെയാണ്. 187 രോഗികളാണ് ജില്ലയില്‍ ഡെങ്കിപ്പനി സംശയത്തെ തുടര്‍ന്ന് ചികില്‍സ തേടിയത്. ഇവരില്‍ 56 പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. മലേറിയ ബാധിച്ച് ഒമ്പതു പേരും ചികില്‍സ തേടി. തിരുവനന്തപുരം (3268), കൊല്ലം (1968), പത്തനംതിട്ട (815), ഇടുക്കി (588), കോട്ടയം (1287), ആലപ്പുഴ (1258), എറണാകുളം (1433), തൃശൂര്‍ (1959), പാലക്കാട് (2490), മലപ്പുറം (2414), കോഴിക്കോട് (2224), വയനാട് (894), കണ്ണൂര്‍ (1473), കാസര്‍കോട് (618) എന്നിങ്ങനെയാണ് ഇന്നലെ പനിക്ക് ചികില്‍സ തേടിയവരുടെ കണക്ക്. പനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം സര്‍വകാല റെക്കോഡിലേക്ക് കുതിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രിയിലെ കണക്കുകളാണ് ഒൗദ്യോഗികരേഖയായി പുറത്തുവരുന്നത്. എന്നാല്‍, സ്വകാര്യ ആശുപത്രികളില്‍ ഇതിന്റെ പതിന്മടങ്ങു രോഗികള്‍ ചികില്‍സ തേടിയെത്തുന്നതായാണു റിപോര്‍ട്ട്. അതേസമയം പനിയും മറ്റു പകര്‍ച്ചവ്യാധികളും തടയുന്നതിന് ജനങ്ങളാകെ ശുചീകരണത്തിന് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ആഹ്വാനം ചെയ്തു. 27, 28, 29 തിയ്യതികളില്‍ നടക്കുന്ന ശുചീകരണം വിജയിപ്പിക്കാനും പ്രാദേശികതലത്തില്‍ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുപോവാനും യോഗം അഭ്യര്‍ഥിച്ചു. 27ന് മുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സര്‍വകക്ഷി യോഗം വിളിക്കാനും തീരുമാനിച്ചു. ചികില്‍സ തേടിവരുന്നവരെ തിരിച്ചയക്കരുതെന്നും താല്‍ക്കാലിക സൗകര്യം ഉണ്ടാക്കണമെന്നും സ്വകാര്യ ആശുപത്രികളോട് അഭ്യര്‍ഥിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഉച്ചയ്ക്കുശേഷവും ഉണ്ടാവുമെന്ന് ഉറപ്പുവരുത്തും. റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. അതിനു തടസ്സങ്ങളുണ്ടെങ്കില്‍ മാറ്റും. രോഗികളുടെ ബാഹുല്യം കാരണം ആശുപത്രികളില്‍ സ്ഥലമില്ലാതെ വരുകയാണെങ്കില്‍ ആശുപത്രികളില്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം ഉപയോഗിക്കണം. പൊതുജനാരോഗ്യ പ്രവര്‍ത്തനം നടത്തേണ്ട ജീവനക്കാര്‍ വീടുകളില്‍ പോവാതെ ആശുപത്രിയിലും ഓഫിസിലും തുടരുന്ന സ്ഥിതി ഒഴിവാക്കും. ഹോമിയോപ്പതി, ആയുര്‍വേദം ശാഖകളെ കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തനം സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it