പദ്ധതികളില്‍ ആസൂത്രണത്തിന്റെ അഭാവം

അവകാശങ്ങള്‍  നിഷേധങ്ങള്‍ - ബാബുരാജ് ബി എസ്

അദ്ദേഹം എന്റെ ഒരു പഴയ സുഹൃത്തിന്റെ മുതിര്‍ന്ന സഹോദരനായിരുന്നു. ചങ്ങനാശ്ശേരിയിലെ ട്യൂഷന്‍ സെന്ററില്‍ കുട്ടികളെ സയന്‍സ് പഠിപ്പിക്കാമോ എന്നദ്ദേഹം ചോദിച്ചു. പഠനം കഴിഞ്ഞ് വരുമാനമൊന്നുമില്ലാതെ നില്‍ക്കുന്ന സമയം. ജോലി സ്വീകരിച്ചു. ആഴ്ചയില്‍ രണ്ടുദിവസം ക്ലാസ്. സെന്ററിന്റെ അടുത്തുള്ള ഒരു വീട്ടില്‍ താമസിക്കാം. ആ പ്രദേശത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൂടിയായ സുഹൃത്തിന്റെ സഹോദരനും അവിടെത്തന്നെയാണു താമസം.
ഒരുനാള്‍ അദ്ദേഹം ഒരു കെട്ട് പേപ്പറുമായി വന്നു. റിപോര്‍ട്ട് തയ്യാറാക്കാനുള്ള ടാബുലര്‍ ഫോറങ്ങളാണ്. പണിയെല്ലാമൊതുക്കി അദ്ദേഹം ഫോറം പൂരിപ്പിക്കാനിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ശേഖരിച്ച നാട്ടുകാരുടെ വിവരങ്ങളാണ് എഴുതിച്ചേര്‍ക്കുന്നത്. ഒരു കെട്ട് പേപ്പര്‍ എനിക്കും തന്നു. പൂരിപ്പിക്കേണ്ട വിദ്യയും പറഞ്ഞുതന്നു. ആദ്യ ഫോറങ്ങളില്‍ എഴുതിയ ആളുകളുടെയും വീടുകളുടെയും വിശദാംശങ്ങള്‍ തിരിച്ചും മറിച്ചും അടുത്ത ഫോറത്തില്‍ എഴുതുക. പിന്നെ അടുത്തത്. ഇടയ്ക്ക് ഭാവന ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും തന്നു. ഒപ്പം ഭാവന കാടുകയറരുതെന്ന താക്കീതും. ആരോഗ്യമേഖലയില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ റിപോര്‍ട്ടുകളാണ് അദ്ദേഹം തയ്യാറാക്കുന്നത്. ഇതു തെറ്റല്ലേ എന്ന ചോദ്യത്തിന് അനാവശ്യമായ പേപ്പര്‍വര്‍ക്ക് എന്നായിരുന്നു മറുപടി.
നിപാ ഭീഷണി വന്ന സമയം ആരോഗ്യവകുപ്പിലെ ഒരു സുഹൃത്തുമായും ഇതേ കാര്യം സംസാരിക്കാനിടയായി. അദ്ദേഹം മറ്റൊരു കഥയാണു പറഞ്ഞത്, വ്യാജ സ്ലൈഡുകളുടെ കഥ. ഓരോ പ്രദേശത്തെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാസാവസാന മീറ്റിങുകളില്‍ പനിബാധിതരുടെ വിശദാംശങ്ങള്‍ നല്‍കണം. കൂട്ടത്തില്‍ കേന്ദ്രതലത്തില്‍ തയ്യാറാക്കപ്പെടുന്ന ലിസ്റ്റുകളില്‍പ്പെട്ട രോഗങ്ങളായിരുന്നോ അത് എന്ന് പരിശോധിച്ചതിന്റെ കണക്കും. സാധാരണ ആരും ഇത്തരം സ്ലൈഡുകള്‍ പരിശോധിക്കാറില്ല. ഒരാള്‍ പരിശോധിക്കാന്‍ തീരുമാനിച്ചാല്‍ ഇത്രയധികം സാംപിള്‍ പരിശോധിക്കാനുള്ള സംവിധാനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. പക്ഷേ, പരിശോധിക്കണമെന്നു നിര്‍ബന്ധമാണ്. അപ്പോള്‍ പിന്നെ പ്രതിവിധി, പരിശോധിച്ച സ്ലൈഡുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടുക എന്നതാണ്. പലരും ഒരുപാട് നുണപറയാന്‍ മടിച്ച് എണ്ണം കുറച്ചു പറയും. അവരെ മേലധികാരികള്‍ താക്കീത് ചെയ്യും. പരിശോധിച്ച സ്ലൈഡുകളുടെ എണ്ണത്തില്‍ റെക്കോഡിട്ട ഒരാള്‍ എറണാകുളം ജില്ലയിലുണ്ടത്രേ, സ്ഥിരം അവധിയിലാവുന്ന ഒരു യൂനിയന്‍ നേതാവ്!
ഫീല്‍ഡ്‌വര്‍ക്കുകള്‍ ഒരു തമാശയാണെന്നാണ് ആരോഗ്യവകുപ്പിലെ തന്നെ ഉദ്യോഗസ്ഥര്‍ പറയുന്നത്. പകല്‍സമയങ്ങളില്‍ നമ്മുടെ നാട്ടിലെ വീടുകള്‍ അടഞ്ഞുകിടക്കുകയായിരിക്കും. അവിടേക്കാണ് ഫീല്‍ഡ്‌വര്‍ക്കര്‍മാര്‍ പോവേണ്ടത്. സ്വാഭാവികമായും പോവാതെ തന്നെ പോയെന്ന് റിപോര്‍ട്ട് ചെയ്യുകയായിരിക്കും ഫലം. സംഭവിക്കുന്നതും അതുതന്നെ.
കേന്ദ്രതലത്തില്‍ തീരുമാനിക്കപ്പെടുന്ന ആരോഗ്യനയത്തിന്റെ പരിണതിയാണ് മുകളില്‍ പറഞ്ഞ രണ്ടു സംഭവങ്ങളും. ആരോഗ്യസംവിധാനവും രോഗപ്രസരണരീതിയും രോഗങ്ങളുടെ സ്വഭാവവും ജനങ്ങളുടെ ബോധനിലവാരവും എല്ലാം ചേര്‍ന്നായിരിക്കണം ഒരു പ്രദേശത്തെ ആരോഗ്യ പ്രതിരോധ സംവിധാനങ്ങളും ആരോഗ്യനയവും തീരുമാനിക്കപ്പെടേണ്ടത്. നിപാ പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണെങ്കിലും ഒരുകാര്യം പറയാതെ പറ്റില്ല. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ സാംക്രമികരോഗങ്ങളേക്കാള്‍ മറ്റുതരം രോഗങ്ങളാണു കാണപ്പെടുന്നത്. ഉത്തര്‍പ്രദേശ് പോലെയുള്ള സംസ്ഥാനത്തിന് യോജിച്ച ആരോഗ്യസംവിധാനമല്ല കേരളത്തിനു വേണ്ടത്. നമ്മുടെ ആരോഗ്യസംവിധാനങ്ങളും ഇത്തരത്തില്‍ സംവിധാനം ചെയ്യപ്പെടേണ്ടതുണ്ട്. അതിനര്‍ഥം പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള പ്രതിരോധം വേണ്ടെന്നല്ല, രണ്ടിനുമിടയില്‍ ഒരു ബാലന്‍സ്                   കണ്ടെത്തണമെന്നാണ്.
എന്നാല്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഇത്തരം വ്യതിരിക്തതകളെ പരിഗണിക്കാറില്ല. പകരം ഇന്ത്യക്കു മൊത്തത്തില്‍ പദ്ധതി തയ്യാറാക്കി ഫണ്ട് ചെയ്യും. ഈ ഫണ്ട് എപ്പോള്‍ വരുമെന്നോ എത്രയെന്നോ തിട്ടമില്ല. അത് മുന്‍കൂട്ടി കണ്ട് സംസ്ഥാനത്തിന് സ്വന്തം ധനവിനിയോഗം തീരുമാനിക്കാനും കഴിയില്ല. ഫലത്തില്‍ വേണ്ടാത്ത സമയത്ത് വേണ്ടാത്ത സ്ഥലത്ത് പണം ചെലവഴിക്കലായി പദ്ധതികള്‍ മാറും. മറ്റിടങ്ങളില്‍ ദാരിദ്ര്യവും. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ആസൂത്രണമില്ലായ്മ പ്രകടം. കേന്ദ്രം ഫണ്ട് നല്‍കുന്നത് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കാണ് സംസ്ഥാനത്തിനല്ല എന്നതാണ് കാരണം. നീതി ആയോഗ് ചില മാറ്റങ്ങള്‍ ഇക്കാര്യത്തില്‍ വരുത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും കാര്യം പഴയതു തന്നെയാണ് എന്നാണ് റിപോര്‍ട്ട്.
ഇത് ആരോഗ്യരംഗത്തെ മാത്രമല്ല, വിദ്യാഭ്യാസരംഗത്തെയും പ്രശ്‌നമാണ്. ഓരോ പ്രദേശത്തെയും വ്യതിരിക്തതകള്‍ക്കനുസരിച്ച് ധനവിനിയോഗം തീരുമാനിക്കലാണു പ്രതിവിധി. വിതരണരീതിയിലും മാറ്റം വേണം. എല്ലാത്തിനും ഉദ്യോഗസ്ഥരെയും സംസ്ഥാനത്തെയും മാത്രം കുറ്റപ്പെടുത്തിയതുകൊണ്ട് ഫലമില്ല. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തില്‍ വന്നിട്ടുള്ള കോട്ടവും പരിഗണിക്കപ്പെടണം. അല്ലെങ്കില്‍ കുറേ കെട്ടിടങ്ങള്‍ മാത്രമായി നമ്മുടെ ആരോഗ്യ-വിദ്യാഭ്യാസരംഗം മാറും.                                                    ി
Next Story

RELATED STORIES

Share it