പത്രപ്രവര്‍ത്തകന്റെ വധം: മുഖ്യപ്രതി കീഴടങ്ങി; കീഴടങ്ങിയത് ആര്‍ജെഡി നേതാവിന്റെ കൂട്ടാളി

സിവാന്‍: ബിഹാറില്‍ പത്രപ്രവര്‍ത്തകനായ രാജ് ദേവ് രഞ്ജനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ലഡാന്‍ മിയാന്‍ സിവാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് മുഹമ്മദ് ശിഹാബുദ്ദീന്റെ അടുത്ത കൂട്ടാളിയാണിയാള്‍. കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
മിയാന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കീഴടങ്ങല്‍. കീഴടങ്ങാന്‍ രണ്ടു ദിവസത്തെ സമയം മിയാന് കോടതി അനുവദിച്ചിരുന്നു. കീഴടങ്ങിയില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടുമെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്.
പോലിസ് നല്‍കിയ നോട്ടീസില്‍ കാണിച്ച സ്വത്തില്‍ തങ്ങള്‍ക്ക് ഓഹരിയുണ്ടെന്ന് മിയാന്റെ മൂന്നു സഹോദരിമാര്‍ കോടതിയെ അറിയിച്ചിരുന്നു.
പ്രാദേശിക പത്രത്തിന്റെ ജില്ലാ ബ്യൂറോ ചീഫായ രാജ്‌ദേവ് രഞ്ജനെ മെയ് 13നാണ് ബിഹാറില്‍ വച്ച് അജ്ഞാതര്‍ വെടിവച്ചുകൊന്നത്. സംഭവത്തിനു ശേഷം മുഹമ്മദ് ശിഹാബുദ്ദീനെ സിവാനില്‍ നിന്ന് ഭാഗല്‍പൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മെയ് 25ന് അഞ്ചുപേരെ സിവാന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിനുപയോഗിച്ച തോക്കും പോലിസ് കണ്ടെടുത്തിരുന്നു. അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് രഞ്ജനെ കൊലപ്പെടുത്താന്‍ മിയാനാണ് വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയതെന്ന് വ്യക്തമായത്.
Next Story

RELATED STORIES

Share it