Pathanamthitta local

പത്തനംതിട്ടയില്‍ കുടിവെള്ള വിതരണം താറുമാറായി

പത്തനംതിട്ട: കടുത്ത വേനലില്‍ അച്ചന്‍കോവില്‍ ആറ്റില്‍ ജലനിരപ്പ് താഴ്ന്നതോടെ പത്തനംതിട്ട നഗരത്തിലെ കുടിവെള്ള വിതരണം താറുമാറായി. നഗരസഭാ പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായതോടെ മിക്ക പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷമായി.
കിണറുകള്‍ മിക്കതും വറ്റിയതോടെ ജല അതോരിറ്റിയുടെ പൊതുടാപ്പുകളും ഗാര്‍ഹിക കണക്ഷനുകളുമായിരുന്നു ആശ്വാസം. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ജല അതോരിറ്റിയുടെ പമ്പ്ഹൗസില്‍ നിന്നുള്ള ജലവിതരണവും കൃത്യമായി നടക്കാത്ത സ്ഥിതിയാണുള്ളത്. അച്ചന്‍കോവിലാറ്റിലെ കല്ലറക്കടവില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് പാമ്പൂരിപ്പാറയിലെ പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിച്ചാണ് നഗരസഭാ പ്രദേശത്ത് വിതരണം ചെയ്യുന്നത്. ജലനിരപ്പ് കുറഞ്ഞതോടെ തുടര്‍ച്ചയായി പമ്പിങ് നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ടാങ്കറില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള കാര്യക്ഷമമായ ഇടപെടീല്‍ നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
നഗരസഭ കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും അത് എല്ലാ പ്രദേശങ്ങളിലും എത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതോടെ വീട്ടാവശ്യത്തിനുമറ്റുമായി ജലം വിലയ്ക്കുവാങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. വെള്ളമെത്തിക്കുന്നവര്‍ 500 ലിറ്റര്‍ വെള്ളത്തിന് 1000 രൂപവരെ ഈടാക്കുന്നുണ്ട്. ചുട്ടിപ്പാറ, പൂവന്‍പാറ, മൈലാടുംപാറ, ഒറ്റുകല്ല്, പെരിങ്ങമല, അഞ്ചക്കാല, വഞ്ചിപ്പൊയ്ക, വെട്ടിപ്രം, മുണ്ടുകോട്ടയ്ക്കല്‍, കൈരളിപുരം, കുലശേഖരപതി ലക്ഷംവീട്, കുമ്പഴ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലെ മിക്ക വീടുകളിലും കിണറുകള്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ, വേനലിന്റെ തുടക്കത്തില്‍ തന്നെ അവ വറ്റുകയും ചെയ്യും. ജലഅതോരിറ്റിയുടെ പൈപ്പ് ലൈനാണ് ഇവരുടെ ആശ്രയം. നേരത്തേ രണ്ടുതവണ പൈപ്പില്‍ വെള്ളം ലഭിച്ചിരുന്നെങ്കില്‍, വേനല്‍കടുത്തതോടെ ദിവസത്തില്‍ ഒരുനേരം പോലും വെള്ളം കിട്ടാത്ത സ്ഥിതിയാണുള്ളത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ജലവിതരണം താറുമാറായതോടെ രോഗികളും ദുരിതത്തിലായി. പാമ്പൂരിപ്പാറ പ്ലാന്റില്‍ നിന്ന് നേരിട്ടാണ് ജനറല്‍ ആശുപത്രിയില്‍ വെള്ളമെത്തിക്കുന്നത്. പതിനായിരം ലിറ്ററിന്റെ ആറു ടാങ്കുകള്‍ ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതില്‍ രണ്ടു ടാങ്കുകളില്‍ പോലും ഇപ്പോള്‍ വെള്ളം ലഭിക്കുന്നില്ല.
Next Story

RELATED STORIES

Share it