Pathanamthitta local

പത്തനംതിട്ടയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം പദ്ധതി ത്രിശങ്കുവില്‍

പത്തനംതിട്ട: നഗരസഭയും സ്‌പോര്‍ട്‌സ് കൗണ്‍സിലും തമ്മിലുളള അവകാശത്തര്‍ക്കത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തിനുളള 50 കോടിയുടെ പദ്ധതി ത്രിശങ്കുവിലായി. സ്റ്റേഡിയം പണിഞ്ഞാല്‍ വരുമാനം, പരിപാടികള്‍ നടത്താനുളള അവകാശം എന്നിവയെച്ചൊല്ലിയാണ് നഗരസഭയും സ്‌പോര്‍ട്‌സ് കൗണ്‍സിലും ഇടഞ്ഞത്. തര്‍ക്കത്തെ തുടര്‍ന്ന് സ്റ്റേഡിയം നിര്‍മിക്കാന്‍ സ്ഥലത്തിന്റെ ഉടമസ്ഥരെന്ന നിലയില്‍ നഗരസഭ അനുമതി നല്‍കിയിട്ടില്ല. വരുന്ന ബഡ്ജറ്റിനു മുന്‍പ് അനുമതി ലഭിച്ചില്ലെങ്കില്‍ പദ്ധതി പത്തനംതിട്ടയ്ക്ക് നഷ്ടമാകുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വ്യക്തമാക്കി.
സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് ലഭിച്ച ധാരണപത്രം അംഗീകരിക്കാനാവില്ലെന്നാണ് നഗരസഭയുടെ നിലപാട്. ധാരണ പത്രത്തില്‍ മാറ്റം വരുത്താന്‍ തങ്ങള്‍ക്ക് അധികാരമുണ്ട്. ഇതിനായി സര്‍വ്വ കക്ഷിയോഗവും പ്രത്യേക കൗണ്‍സില്‍ യോഗവും വിളിക്കും. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെങ്കിലും പരിപാടി നടത്താന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനോട് രണ്ടാഴ്ച മുന്‍പേ അനുവാദം വാങ്ങണമെന്ന നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്ന് നഗരസഭ പറയുന്നു. സ്റ്റേഡിയത്തില്‍ നിന്നുളള വരുമാനം ആര്‍ക്ക് എന്നതു സംബന്ധിച്ചും അവ്യക്തയുണ്ട്.
അതേസമയം, സര്‍ക്കാരിന്റെ സഹായത്തോടെ നടപ്പാക്കാനുദേശിക്കുന്ന പദ്ധതിയെ രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരില്‍ അട്ടിമറിക്കാനാണ് നഗരസഭ ഭരണ നേതൃത്വം ശ്രമിക്കുന്നതെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു. മറ്റെല്ലാ ജില്ലകളിലും ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ നഗരസഭകള്‍ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് നടപടികള്‍ വേഗത്തിലായിട്ടുണ്ട്.
സ്റ്റേഡിയം നിര്‍മിക്കാന്‍ അടൂരിലും റാന്നിയിലും സ്ഥലം അനുവദിക്കാമെന്ന് എം എല്‍  എമാര്‍ കായിക മന്ത്രിയെ അറിയിച്ചിട്ടുണ്ട്.
പത്തനംതിട്ട അലംഭാവം കാണിച്ചാല്‍ ജില്ലാ ആസ്ഥാനത്തിനു ലഭിക്കേണ്ട വലിയ പദ്ധതി നഷ്ടപ്പെട്ടേക്കുമെന്ന് ആശങ്കയുണ്ട്. പത്തനംതിട്ട സ്വദേശിയായ വോളിബോള്‍ താരം ബ്ലസ്സന്‍ ജോര്‍ജിന്റെ പേരിലാണ് സ്റ്റേഡിയം നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതിനായി നടത്തിയ മന്ത്രിതല ചര്‍ച്ചയില്‍ എം.എല്‍എയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളും മാത്രമാണ് പങ്കെടുത്തിരുന്നത്. ഇതില്‍ നഗരസഭയ്ക്കുളള അതൃപ്തിയും തുടര്‍ നടപടിക്കു തടസ്സമായി.
രാഷ്ടീയ താല്‍പര്യങ്ങളുടെ പേരില്‍ നാടിന്റെ സ്വപ്‌ന പദ്ധതിയ്ക്ക് നഗരസഭ തുരങ്കം വയ്ക്കുകയാണെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രഡിഡന്റ് കെ അനില്‍കുമാറും നഗരസഭ പരിപാടികള്‍ക്ക് അനുവാദം വാങ്ങണമെന്ന വ്യവസ്ഥ അംഗീകരിക്കില്ലെന്നും ധാരണാ പത്രത്തില്‍ വ്യക്തത വേണമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപും പ്രതികരിച്ചു.
Next Story

RELATED STORIES

Share it