Pathanamthitta local

പത്തനംതിട്ടയിലെ ചില ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നു

പത്തനംതിട്ട: നഗരത്തിലെ ചില ഹോട്ടലുകളില്‍ ഭക്ഷണത്തിന് തീവില. ഒരു പൊറോട്ടയ്ക്ക് 15 രൂപ ചപ്പാത്തിയൊന്നിന് 13. ചിക്കന്‍ വിഭവങ്ങളുടെ വില 500 രൂപ വരെയെത്തും. ജിഎസ്ടിക്ക് പുറമേയാണ് ഈ നിരക്ക്. ജില്ലാ ആസ്ഥാനത്ത് പുതുതായി തുടങ്ങിയ ഹോട്ടലിലും പഴയ ഹോട്ടല്‍ നവീകരിച്ചതിലുമാണ് കഴുത്തറപ്പന്‍ വില. എസിയും ആധുനിക സൗകര്യങ്ങളുടെയും പേര് പറഞ്ഞ് വില കൂട്ടുമ്പോഴും വൃത്തിയും ഗുണനിലവാരവും കണക്ക് തന്നെ.
ശബരിമല തീര്‍ഥാടനം പ്രമാണിച്ച് ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിച്ചു കൊണ്ട് കലക്ടര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതനുസരിച്ച് പൊറോട്ടയ്ക്ക് 8-10 വരെയാണ് വിവിധ സ്ഥലങ്ങളിലെ വില. ഇത് പലയിടത്തും ലംഘിക്കപ്പെടുകയാണ്. ഇതേപ്പറ്റി വ്യാപകമായ പരാതി ഉയരുകയും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുകയും ചെയ്യുമ്പോഴും അധികൃതര്‍ക്ക് കുലുക്കമില്ല. പരിശോധനയാകട്ടെ പ്രഹസനവും. ഹോട്ടലുകളില്‍ പരിശോധനയെന്ന് പറഞ്ഞ് സപ്ലൈ ഓഫീസറും വില്ലേജ് ഓഫീസറും കയറുന്നത് തട്ടുകടയിലും സാദാ ഹോട്ടലുകളിലും മാത്രം. വിലകൂട്ടി വില്‍ക്കുന്ന വന്‍കിട ഹോട്ടലുകളില്‍ പരിശോധനയ്ക്ക് ഇവര്‍ എത്താറില്ല. നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയും പ്രഹസനമാണ്. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തും. പക്ഷേ, ക്രമക്കേട് കണ്ടെത്തിയ ഹോട്ടലുകളെ കുറിച്ച് ചോദിച്ചാല്‍ മറുപടിയില്ല. ഒടുവില്‍ പരിശോധന നടത്തിയ ഹോട്ടലുകളുടെ ആകെ കണക്ക് പുറത്തു വിടും. ഇതില്‍ പഴകിയ ഭക്ഷണം വിറ്റതിന് പിടിയിലായ ഹോട്ടലുകളുടെ പേരും കാണുകയില്ല.
ഗോതമ്പ് പൊറോട്ടയ്ക്ക് മാത്രമല്ല, മൈദ കൊണ്ടുള്ളതിനും 15 രൂപയാണ് ചില ഹോട്ടലുകള്‍ വാങ്ങുന്നത്. അതേസമയം, രണ്ടും 10 രൂപയ്ക്ക് വില്‍ക്കുന്ന ഹോട്ടലുകളുമുണ്ട്. ശബരിമല തീര്‍ഥാടനത്തിന്റെ പേരില്‍ വില കുറയ്ക്കാനല്ല, കൂട്ടാനും തീര്‍ഥാടകരെയും പൊതുജനങ്ങളെയും കൊള്ളയടിക്കാനാണ് ശ്രമം. ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് ബില്‍ വരുമ്പോഴാകും അമിതവിലയാണെന്ന കാര്യം മനസിലാകുന്നത്. ചോദ്യം ചെയ്താല്‍ ഹോട്ടല്‍ ജീവനക്കാരുടെ അസഭ്യവര്‍ഷവും നേരിടേണ്ടതായി വരും. വില നിയന്ത്രിച്ച് ഒരു പട്ടിക പ്രസിദ്ധീകരിച്ചതോടെ കലക്ടറുടെ ജോലി കഴിഞ്ഞു. ഇത് പരിശോധിക്കുന്നത് വകുപ്പുകളുടെ ജോലിയായിട്ടാണ് കരുതിപ്പോരുന്നത്. അവരാകട്ടെ കിട്ടിയ അവസരത്തില്‍ പടി വാങ്ങി പോക്കറ്റ് നിറയ്ക്കുന്നുവെന്നാണ് ആരോപണം. അമിതവില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടപടി എടുത്തില്ലെങ്കില്‍ സോഷ്യല്‍ മീഡിയ പ്രചാരണം ശക്തമാക്കാനും സമരം നടത്താനുമാണ് നാട്ടുകാരുടെ നീക്കം. വിലക്കയറ്റം, ജീവനക്കാരുടെ ശമ്പളം, കൂടിയ കറണ്ട് ചാര്‍ജ് ഇവയൊക്കെയാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. എന്നാല്‍, സാധനങ്ങള്‍ക്ക് വില കുറയുന്നത് അനുസരിച്ച് ഭക്ഷണ വില കുറയ്ക്കാനും ഹോട്ടലുകള്‍ തയാറാകുന്നില്ല.
Next Story

RELATED STORIES

Share it