kasaragod local

പതിവ് തെറ്റിച്ചില്ല ; 6000 ഉണ്ണിയപ്പവുമായി തറവാട്ടുവീട്ടുകാര്‍ മഖാമിലെത്തി



കുമ്പള: മാനവിക ഐക്യത്തിന് പുതിയ മുഖചാര്‍ത്തുമായി തറവാട്ട് വീട്ടുകാര്‍ മഖാമിലെത്തി. കോട്ടിക്കുളം അക്കര തറവാട്ടില്‍ നിന്നും 6000 ഉണ്ണിയപ്പവുമായി പതിവ് തെറ്റാതെ തറവാട്ടംഗങ്ങള്‍ കുമ്പള പേരാല്‍ കണ്ണൂര്‍ സീതി വലിയുല്ലാഹി മഖാമിലെത്തി. എല്ലാവര്‍ഷവും റമദാന്‍ 23ാം ദിനത്തിലാണ് 400 വര്‍ഷത്തോളമായി പഴക്കമുള്ള ആചാരത്തിന്റെ ഭാഗമായി ഉണ്ണിയപ്പം കൊണ്ടുവരുന്നത്. ഉണ്ണിയപ്പം നേര്‍ച്ച നേര്‍ന്നാണ് എത്തിക്കുന്നത്. ഉണ്ണിയപ്പം നേര്‍ച്ച നേര്‍ന്നതിനാല്‍ അക്കര തറവാട്ടില്‍ െപണ്‍കുഞ്ഞ് പിറന്നുവെന്നാണ് ചരിത്രം. ഇതിനെ തുടര്‍ന്നേങ്ങാട്ടുള്ള വര്‍ഷങ്ങളില്‍ തറവാട്ട് വീട്ടുകാര്‍ ഉണ്ണിയപ്പവുമായി മഖാമിലേക്ക് വരുന്നുണ്ട്. സീതിവലിയുല്ലാഹി മഖാമില്‍ നടക്കുന്ന നോമ്പുതുറയില്‍ ജാതിമതഭേദമന്യേ നിരവധി പേര്‍ പങ്കെടുക്കുന്നുണ്ട്. ചക്കരകഞ്ഞിയും കോഴി ഇറച്ചിയുമാണ് പ്രധാന വിഭവങ്ങള്‍. ഞായറാഴ്ച വൈകിട്ട് പള്ളിയില്‍ ഉണ്ണിയപ്പവുമായി എത്തിയ അക്കര തറവാട്ടുകാരെ ജമാഅത്ത് ഭാരവാഹികളായ എം ബി അഷ്‌റഫ്, അബ്ദുല്ല ഹാജി, എസ് എ അബ്ബാസ് ഹാജി, ശരീഫ്, ഖത്തീബ് അബ്ദുര്‍റഷീദ് സഖാഫി സ്വീകരിച്ചു.
Next Story

RELATED STORIES

Share it