palakkad local

പട്ടാമ്പി റെയില്‍വേസ്‌റ്റേഷന്‍ പരിസരത്ത് മദ്യപാനികളുടെ വിളയാട്ടം



പട്ടാമ്പി: പട്ടാമ്പി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് മദ്യപാനികളുടെ വിളയാട്ടം രൂക്ഷമാവുന്നതായി പരാതി. തൊട്ടടുത്ത ബിയര്‍ പാര്‍ലറില്‍ വീണ്ടും മദ്യവില്‍പ്പന തുടങ്ങിയതോടെയാണ് ഇവിടത്തെ സമാധാന അന്തരീക്ഷം തകര്‍ന്നത്. റെയില്‍വേ സ്‌റ്റേഷന്റെ പരിസരങ്ങളിലിരുന്ന് മദ്യപിക്കുകയും ഗ്ലാസ്, മദ്യക്കുപ്പി, ഭക്ഷണ അവശിഷ്ടങ്ങള്‍ തുടങ്ങിയവ അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യുന്നതും പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. ഇതിനെതിരേ പ്രതികരിക്കുന്നവര്‍ക്കെതിരേ ആക്രമണങ്ങളും ഇക്കൂട്ടര്‍ അഴിച്ചുവിടുന്നുണ്ട്.  ഈ ഭാഗത്തെ ഓട്ടോ െ്രെഡവര്‍മാരുമായും കച്ചവടക്കാരുമായും സാധനങ്ങള്‍ വാങ്ങാന്‍വരുന്നവരുമായും മദ്യപര്‍ കൊമ്പ് കോര്‍ക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിന് പുറമെ റെയില്‍വേ സ്‌റ്റേഷനില്‍ കൂടി വടക്ക് ഭാഗത്തുള്ള മിനി സിവില്‍ സ്‌റ്റേഷന്‍, താലൂക്ക് ഹെഡ് കോര്‍ട്ടേഴ്‌സ് ആശുപത്രി, ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, ആയൂര്‍വേദ ആശുപത്രി, പട്ടാമ്പി മുന്‍സിപ്പാലിറ്റി ഓഫിസ്, വില്ലേജ് ഓഫിസ്, ഹോമിയോ ആശുപത്രി എന്നിവടങ്ങളിലെത്തുന്നവരുമായും മദ്യപസംഘം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. സ്ത്രീകളോട് അശ്ലീല കമന്റുകളാണ് പറയുന്നത്. ആക്രമിക്കുമെന്ന് ഭയത്തില്‍ പലരും പരാതിയുമായി അധികൃതരെ സമീപിക്കുന്നില്ല. ഇക്കാര്യവും മദ്യപര്‍ക്ക് വളമാവുന്നു. കിഴക്കുഭാഗത്തുള്ള പള്ളിയില്‍ നമസ്‌കരിക്കാനെത്തുന്ന വിശ്വാസികളുമായും ഇവര്‍ കശപിശക്ക പോകാറുണ്ട്. സന്ധ്യയോടെ എല്ലാവിധ സദാചാര സീമകളും ലംഘിച്ച് പ്രദേശത്ത് സാമൂഹികവിരുദ്ധരും രംഗത്തെത്തും. പ്രദേശത്തിന്റെ ഇത്തരം കുപ്രസിദ്ധിയെപ്പറ്റി അറിയുന്നവരാരും സന്ധ്യയായാല്‍ ഇതിലെ വഴിനടക്കാറില്ല. അപരിചിതരായ യാത്രക്കാരാണ് പലപ്പോഴും ഇവര്‍ക്കിരയാവുന്നത്. ആഭരണം, പണം തുടങ്ങിയവ നഷ്ടപ്പെട്ടവരും മാരകായുധങ്ങളുമായി ആക്രമിക്കപ്പെട്ടവരും ഏറെയാണ്. മദ്യപരെ സംരക്ഷിക്കാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവുന്നതാണ് പ്രദേത്ത് ദിവസം ചെല്ലും തോറും കുററകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പോലിസ് കേസെടുക്കുന്നത് പോലും വളരെ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണെന്നും ആരോപണമുണ്ട്. ദിവസേന പ്രശ്‌നങ്ങളുണ്ടാവുന്ന പ്രദേശമായത്‌കൊണ്ട് 24 മണിക്കൂറും പോലിസ് നിരീക്ഷണം ഏര്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ബാര്‍ ഇവിടെ നിന്നും മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് ജനകീയ ആവശ്യം.
Next Story

RELATED STORIES

Share it