palakkad local

പട്ടാമ്പി കവികളുടെ സംഗമഭൂമിയായി; കവിതയുടെ കാര്‍ണിവല്‍ ഇന്നു സമാപിക്കും

പട്ടാമ്പി: മൂന്നു ദിവസത്തെ കവിതയുടെ കാര്‍ണിവലിന് ഇന്നു തിരശീല വീഴും. കവിതാവതരണമായിരുന്നു ഇന്നലത്തെ കാര്‍ണിവലിന്റെ ആകര്‍ഷണം. പ്രായഭേദമില്ലാതെ കവികള്‍ കവിതകളുമായി വേദിയിലെത്തി. ചൊല്ലലും ആലാപനവും കവിതപറയലുമായി വാക്കുകളുടെ അണമുറിയാത്ത പകലാണ് കവിതയുടെ കാര്‍ണിവല്‍ ഇന്നലെ സമ്മാനിച്ചത്.
വി കെ സുബൈദ, വിഷ്ണുപ്രസാദ്, ഡി അനില്‍കുമാര്‍, അരുണ്‍ പ്രസാദ്, വിജു നായരങ്ങാടി, ടി പി അനില്‍കുമാര്‍, ശ്രീകുമാര്‍ കരിയാട്, ശൈലന്‍, കുഴൂര്‍ വില്‍സണ്‍, സച്ചിദാനന്ദന്‍ പുഴങ്കര, സുനില്‍ മാലൂര്‍, എം സി സുരേഷ്, ഒ പി സുരേഷ്, നജീബ് റസല്‍, വി ജയദേവ്, വി വി ഷാജു, എം ആര്‍ രേണുകുമാര്‍, ബിനു എം പള്ളിപ്പാട്, എസ് കലേഷ്, സുധീര്‍ രാജ്, എം ആര്‍ വിബിന്‍ എന്നിവര്‍ കവിതകള്‍ക്കുവേണ്ടിയുള്ള ഫോക്കസില്‍ പങ്കെടുത്തു.
കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച ദേശീയ കവി സമ്മേളനത്തില്‍ ചന്ദ്രകാന്ത പാട്ടീലും മംമ്താ സാഗറും കവിതയുടെ ഇന്ത്യന്‍ പശ്ചാത്തലം വിശദീകരിച്ചു.  കവിത കാലത്തിനും പരിസരത്തിനും അതീതമായി സഞ്ചരിക്കുന്നതാണെന്ന് ചൊല്ലിയും പറഞ്ഞു കല്‍പറ്റ നാരായണന്‍ വിശദീകരിച്ചു.
അപ്ലൈഡ് പോയട്രിയെക്കുറിച്ചുള്ള സംവാദത്തില്‍ അന്‍വര്‍ അലി, റഫീഖ് അഹമ്മദ്, മംമ്താ സാഗര്‍, മനോജ് കുറൂര്‍, അനിത തമ്പി പങ്കെടുത്തു. വൈകിട്ട് പ്രശസ്ത തമിഴ് എഴുത്തുകാരിയും സിനിമാ സംവിധായകയുമായ ലീന മണിമേഖല അവതരിപ്പിച്ച പോയട്രി പെര്‍ഫോമന്‍സും പട്ടാമ്പി കോളജ് തിയേറ്റര്‍ ക്ലബ് അവതരിപ്പിച്ച കേരളം സമരം കവിത രംഗാവിഷ്‌കാരവും കാര്‍ണിവല്‍ കാഴ്ചകള്‍ക്കു മാറ്റ് കൂട്ടി.
കവികളുടെ സംഗമവും കവിതാവതരണവും ഇന്നും തുടരും. കാര്‍ണിവലിനോട് അനുബന്ധിച്ച് നടത്തിയ ചിത്രകലാ ക്യാമ്പിലെ ചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്ന് ഒരുക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it