wayanad local

പട്ടാപ്പകല്‍ കാട്ടാനയുടെ ആക്രമണം



മാനന്തവാടി: വന്യമൃഗശല്യം രൂക്ഷമായ തിരുനെല്ലി അരണപ്പാറയില്‍ പട്ടാപ്പകല്‍ കാട്ടുകൊമ്പന്റെ പരാക്രമം. അരണപ്പാറ മിച്ചഭൂമി ശ്രീമംഗലം സത്യന്റെ വീടിനു നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ ഏഴോടെയാണ് കാട്ടാന സത്യന്റെ വീടിനു മുന്നിലെത്തിയത്. ഇദ്ദേഹത്തിന്റെ അമ്മാവന്‍ സുബ്രഹ്മണ്യന്‍ ജോലിക്ക് വീട്ടില്‍ നിന്നിറങ്ങുമ്പോഴാണ് കാട്ടാനയെ കണ്ടത്. തുടര്‍ന്ന് സുബ്രഹ്മണ്യന്‍ വീട്ടിനുള്ളലേക്ക് ഓടിക്കയറി. വീടിന് മുന്നില്‍ പരാക്രമം കാട്ടിയ കാട്ടാന വീടിന്റെ മുന്‍ ഭാഗത്ത് കേടുപാടുകള്‍ വരുത്തി. വീടിന്റെ ഓടും കട്ടകളും അടര്‍ന്നുവീണു. വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാട്ടാന കുറച്ചുസമയം വീടിനു മുന്നില്‍ നിലയുറപ്പിച്ച് പരാക്രമം തുടരുന്നതിനിടയില്‍ സമീപവാസികള്‍ പല ഭാഗത്തു നിന്ന് ബഹളംവച്ചു. ഇതോടെ ആന അടുത്തുള്ള കാപ്പിത്തോട്ടത്തിലേക്ക് കയറി. മൂന്നുവര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് വച്ചാണ് ഒരു വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നത്. സത്യന്റെ കുടുംബത്തിന് സഹായം നല്‍കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. തിരുനെല്ലിയില്‍ കാട്ടാനകളുടെ ശല്യം പട്ടാപ്പകലും രൂക്ഷമായതോടെ പ്രദേശവാസികള്‍ ആശങ്കയിലായിരിക്കുകയാണ്.
Next Story

RELATED STORIES

Share it