malappuram local

പട്ടയഭൂമിയില്‍ വീടു വയ്ക്കാനാവാതെ കുടുംബങ്ങള്‍ ദുരിതത്തില്‍

തിരൂര്‍: ഒമ്പത് വര്‍ഷമായിട്ടും പട്ടയം കിട്ടിയ ഭൂമി പതിച്ചു കിട്ടാത്തതിനാല്‍ വീടു വക്കാനാവാതെ കൊടക്കലില്‍ 16 കുടുംബങ്ങള്‍ ദുരിതത്തില്‍. തിരുനാവായ പഞ്ചായത്തിലെ അഴകത്തു കളം ഭാഗത്ത് 96 സെന്റ് സ്ഥലമാണ് 16 കുടുംബങ്ങള്‍ക്കും ഒരു അങ്കണവാടിക്കുമായി 2009ല്‍ നിലമ്പൂരില്‍ നടന്ന പട്ടയമേളയില്‍ മന്ത്രി കെ പി രാജേന്ദ്രന്‍ പട്ടയം നല്‍കിയത്. തുടര്‍ന്ന് റവന്യൂ അധികൃതര്‍ ഇവര്‍ക്ക് എട്ട് വര്‍ഷം മുമ്പ് സ്ഥലം തിട്ടപ്പെടുത്തി നല്‍കിയതിനെത്തുടര്‍ന്ന് പലരും അതിരിട്ടു. 2016 വരെ നികുതിയും അടച്ചു. എല്ലാവരും ആധാറും സമ്പാദിച്ചു. അതിനിടയിലാണ് സര്‍ക്കാര്‍ നല്‍കിയ പട്ടയഭൂമിയില്‍ 48 സെന്റ് തനിക്കവകാശപ്പെട്ടതാണെന്ന വാദവുമായി ഒരു സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ച് രംഗത്തുവന്നത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം റവന്യൂ അധികൃതര്‍ സ്ഥല നിര്‍ണയം നടത്തി സര്‍വേ നമ്പറടക്കം ഉറപ്പുവരുത്തി വകുപ്പുമന്ത്രി തന്നെ പട്ടയം നല്‍കിയ ഭൂമിയില്‍ സ്വകാര്യ വ്യക്തി എങ്ങനെ കടന്നു കൂടിയെന്നറിയാതെ കുടുംബങ്ങളും അധികൃതരും അമ്പരപ്പിലാണ്. ഇതേ തുടര്‍ന്ന് ഓരോ തവണ കേസ് തള്ളുമ്പോഴും സ്ഥലം അളന്ന് പതിച്ചു നല്‍കാനായി കുടുംബങ്ങള്‍ അധികൃതരെ സമീപിക്കും. അധികൃതര്‍ മുറപോലെ എത്തുമ്പോഴേക്കും സ്വകാര്യ വ്യക്തി വീണ്ടും കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങും. ഇങ്ങനെ കുടുംബങ്ങളെ പീഡിപ്പിക്കാന്‍ തുടങ്ങിയിട്ട് ഒമ്പത് വര്‍ഷമായി. ഇതുമൂലം നിര്‍ധനരായ ഈ കുടുംബങ്ങള്‍ ഭാരിച്ച തുക വാടക നല്‍കിയാണ് ക്വാര്‍ട്ടേഴ്‌സുകളില്‍ കഴിയുന്നത്. ഇതിനിടയില്‍ ഒരു ഗൃഹനാഥന്‍ മരണപ്പെട്ടു. മറ്റു പലരും രോഗശയ്യയിലാണ്. ഇവര്‍ക്ക് പട്ടയം നല്‍കിയ ഭൂമി അപഹരിച്ച് പഞ്ചായത്ത് റോഡ് വെട്ടിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യമെല്ലാം ഉന്നയിച്ച് ഏറ്റവുമൊടുവില്‍ പഞ്ചായത്ത് മന്ത്രി ഡോ. കെ ടി ജലീലിന് സങ്കട ഹരജി നല്‍കുകയും മന്ത്രി കലക്ടര്‍ക്ക് കൈമാറിയിട്ട് മാസങ്ങളായെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് കുടുംബങ്ങള്‍ പറയുന്നു.
Next Story

RELATED STORIES

Share it