Idukki local

പട്ടയം: റവന്യൂ-വനം വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തും



തൊടുപുഴ: ജില്ലയില്‍ 01.01.1977ന് മുന്‍പ് കുടിയേറി താമസിച്ചതും എന്നാല്‍, ജോയിന്റ് വേരിഫിക്കേഷനില്‍ ഉള്‍പ്പെടാത്തതുമായ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിന് റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തേണ്ടതായിട്ടുണ്ടെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു.റോഷി അഗസ്റ്റിന്‍ എംഎല്‍എ യുടെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കഞ്ഞിക്കുഴി വില്ലേജിലെ  കരിമ്പന്‍, അട്ടിക്കളം, കഞ്ഞിക്കുഴി, തട്ടേക്കണ്ണി, വെണ്മണി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജോയിന്റ് വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ പട്ടയം ലഭ്യമാക്കാനായിട്ടില്ല. ഇത്തരം മേഖലകളില്‍ ജോയിന്റ് വേരിഫിക്കേഷന്‍ നടത്തണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ചായിരുന്നു സബ്മിഷന്‍.21ന് നടക്കുന്ന പട്ടയമേളയില്‍ ഇടുക്കി വില്ലേജില്‍ നിന്നുള്ള 832 പേര്‍ക്ക് പട്ടയം നല്‍കും. ജില്ലയില്‍ നിലവിലുള്ള കൈവശക്കാരില്‍ 01.01.1977ന് മുന്‍പ് കുടിയേറിയ കര്‍ഷകരും അതിനുശേഷം അനധികൃതമായി കുടിയേറിയവരും ഭൂമി കൈവശം വെച്ചിട്ടുണ്ട്. റീസര്‍വ്വേ നടത്താത്ത വില്ലേജുകളില്‍ എത്രയും വേഗം റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി അനധികൃത കൈയേറ്റക്കാരേയും കുടിയേറ്റ കര്‍ഷകരേയും വേര്‍തിരിക്കുന്ന നടപടി സ്വീകരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളില്‍ പെരിഞ്ചാംകുട്ടി പദ്ധതി പ്രദേശത്ത് ഇപ്പോഴും താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു. പത്തുചെയിന്‍ പ്രദേശത്തെ ഭൂമി പതിവ് വിഷയത്തില്‍ റവന്യു, വനം, വൈദ്യുതി വകുപ്പുകളുടെ സംയുക്ത പരിശോധന എത്രയും വേഗം പൂര്‍ത്തിയാക്കും.അതിനു ശേഷം ഇവര്‍ക്ക് പട്ടയം നല്‍കുന്ന കാര്യം പരിഗണിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി വില്ലേജിലെ പട്ടയഭൂമി കൈമാറ്റം ചെയ്യുന്നതിന് പൊതുജനത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി എന്‍.ഒ.സി നല്‍കുന്നതിനുള്ള നടപടികള്‍ പരമാവധി ലഘൂകരിച്ചതായും മന്ത്രി അറിയിച്ചു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിപ്രകാരം ഇടുക്കി ജില്ലയിലാകെ സമര്‍പ്പിച്ച 20744 അപേക്ഷകരില്‍ 8549 പേരെ അര്‍ഹരായ ഗുണഭോക്താക്കളായി കണ്ടെത്തി. പട്ടയം വിതരണം ചെയ്ത 4535 പേരില്‍ 3510 പേര്‍ക്ക് ഭൂമി കൈമാറിയതായും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it