Idukki local

പടിക്കകത്ത് കുടിയിറക്ക് നീക്കം; ആക്ഷന്‍ കൗണ്‍സില്‍ സമരത്തിലേക്ക്

വണ്ണപ്പുറം: വണ്ണപ്പുറം ഗ്രാമപ്പഞ്ചായത്തില്‍ കള്ളിപ്പാറ വാര്‍ഡില്‍ പടിയ്ക്കകം ഭാഗത്ത് താമസിക്കുന്ന ജേക്കബ് ചാക്കോ അമ്പഴത്തുങ്കലിന് കോതമംഗലം ഡിഎഫ്ഒ എസ് ഉണ്ണികൃഷ്ണന്‍, രണ്ട് ദിവസത്തിനകം കുടിയിറക്കുമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയതില്‍ പ്രതിഷേധിച്ച് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പടിയ്ക്കകം  ജേക്കബ് ചാക്കോ കൈവശം വച്ചിരിക്കുന്ന ഭൂമി 1970 മുതല്‍ മരോട്ടിപറമ്പില്‍ വേലപ്പന്‍ ചെട്ടിയാരുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നതാണ്. വേലപ്പന്‍ ചെട്ടിയാര്‍ ഇവിടെ സകുടുംബം താമസിച്ചുവന്നിരുന്നു. ഈ കുടുംബത്തില്‍ ഉള്ളവര്‍ 1984ലും 1987ലും 1990ലും നടന്ന അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തിട്ടുണ്ട്. പിതാവില്‍ നിന്ന് ശാന്തമ്മ വേലപ്പന് ലഭിച്ച ഭൂമി 2004ല്‍ മാത്യു ജെയിംസ് ആലയ്ക്കല്‍ വാങ്ങുകയും 2009ല്‍ മാത്യു ജെയിംസില്‍ നിന്ന് ജേക്കബ് ചാക്കോ അമ്പഴത്തുങ്കല്‍ വാങ്ങുകയും ചെയ്തിട്ടുള്ളതാണ്. 4 ഏക്കര്‍ ഭൂമിയാണ് 1,50,000 രൂപയ്ക്ക് ജേക്കബ് ചാക്കോ വിലയ്ക്ക് വാങ്ങിയത്. ഈ ഭൂമിയില്‍ വേലപ്പന്‍ ചെട്ടിയാര്‍ വീടുവച്ച് താമസിച്ചതിന്റെ പുരത്തറയും 40 വര്‍ഷത്തിലധികം പഴക്കമുള്ള തെങ്ങ്, പ്ലാവ്, മാവ്, റബര്‍, കുരുമുളക് കൊടി, കമുക്, കാപ്പി തുടങ്ങിയവ ഈ പുരയിടത്തില്‍ നില്‍ക്കുന്നു. 2009 മുതല്‍ ഇവിടെ കുടുംബമായി താമസിച്ചും ഗ്രാമപ്പഞ്ചായത്തില്‍ നിന്നും വീടിന് നമ്പര്‍ ഇടുകയും വീടിന് കരം അടയ്ക്കുകയും ചെയ്തുവരുന്നതാണ്. 2009ല്‍ 5- 581ാംനമ്പരായി വീട്ട് നമ്പര്‍ നല്‍കിയിട്ടുണ്ട്. 2011-2016 കാലയളവില്‍   498ാം നമ്പരായി കെട്ടിടത്തിന് നമ്പര്‍ ഉണ്ടായിരുന്നു. ഈ നമ്പരിന് 3825 രൂപ ഗ്രാമപഞ്ചായത്തില്‍ കരം അടച്ചിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് വീട്ടുനമ്പരും കെഎസ്ഇബിയില്‍ നിന്ന് വൈദ്യുതി കണക്ഷനും ലഭിച്ചിട്ടുണ്ട്. 2010ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജേക്കബ് ചാക്കോയും മകനും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാവുന്ന ഈ വസ്തുതകള്‍ മറച്ചുവച്ച് ജേക്കബിനെ കൈയേറ്റക്കാരനായി ചിത്രീകരിക്കുന്നത് അപലപനീയവും ചില ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഗുഡ് സര്‍വീസ് എന്‍ട്രി ലഭിക്കുന്നതിനുള്ള ഗൂഢനീക്കത്തിന്റെ ഭാഗവുമാണ് ഈ കുടിയിറക്ക് നീക്കം. കാര്‍ഷിക മേഖല തകര്‍ന്ന് നില്‍ക്കുന്ന ഈ സമയത്ത് കാറ്റാടിക്കടവ് ടൂറിസം കേന്ദ്രത്തില്‍ എത്തുന്ന ആയിരങ്ങള്‍ ഊ പ്രദേശത്തിന്റെ സര്‍വവിധ പുരോഗതിക്കും നിരവധി പേര്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനുള്ള അവസരങ്ങളും കൈവന്നിരിക്കുകയാണ്. ഒരു ദിവസം 2000ല്‍ ഏറെ വിനോദ സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. വിനോദസഞ്ചാരികളെ തടയുന്നതിനും പാവപ്പെട്ടവര്‍ക്ക് ഉള്ള തൊഴില്‍ സാധ്യതകള്‍ക്ക് തുരങ്കം വയ്ക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗംകൂടിയാണ് ഈ കുടിയിറക്ക് നീക്കം. ഇതിനെതിരേ ജനു. 3ന് 11ന് കോതമംഗലം ഡിഎഫ്ഒ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ധര്‍ണയില്‍ സി വി വര്‍ഗീസ്, പ്രഫ. എം ജെ ജേക്കബ്, മാത്യു വര്‍ഗീസ്, റവ. ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ റവ. ഫാ. ലൂക്ക തച്ചാപറമ്പത്ത്, കെ എം സോമന്‍, സണ്ണി കളപ്പുരയ്ക്കല്‍, കെ ജി വിനോദ്, കെ സി ശശി, കെ എം സുരേഷ് കാരപ്ലാക്കല്‍, കെ ആര്‍ സാല്‍മോന്‍, സജീവന്‍ കാരപ്പുറത്ത്, ശശി മറ്റത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it