kozhikode local

പഞ്ചിങ്: സര്‍ക്കാര്‍ ഉത്തരവ് മെഡിക്കല്‍ കോളജില്‍ നടപ്പാക്കുന്നില്ല

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ പഞ്ച് ചെയ്യുന്നില്ലെന്ന് അരോപണം. നിലവില്‍ ഓഫിസ് ജീവനക്കാര്‍ മാത്രമാണ് പഞ്ച് ചെയ്യുന്നത്. മെഡിക്കല്‍ കോളജുകളില്‍ ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനം നിര്‍ബന്ധമാക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ ഉത്തരവിറങ്ങിയിട്ട് ആറു മാസം കഴിഞ്ഞു. ഉത്തരവ് നടപ്പാക്കുവാന്‍ പ്രിന്‍സിപ്പല്‍ ശ്രമിക്കുന്നില്ലെന്ന് ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നു. 2010 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2015 ജനുവരി ഒന്നോടുകൂടി നടപ്പാക്കിയതാണ് സംവിധാനം. മെഡിക്കല്‍ കോളജുകളുടെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പഞ്ചിങ് സംവിധാനം കൊണ്ടുവന്നത്. എന്നാല്‍ പഞ്ചിങ്ങുമായി സഹകരിക്കില്ലെന്ന് കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ തീരുമാനമെടുത്ത് ബഹിഷ്‌കരിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും കെജിഎംസിടിഎ ഭാരവാഹികളും ചേര്‍ന്ന് രൂപീകരിച്ച കമ്മിറ്റി പ്രവര്‍ത്തനം പഠിച്ച് റിപോര്‍ട്ട് നല്‍കുമെന്ന് പറഞ്ഞിരുന്നു.
സര്‍ക്കാര്‍ തീരുമാനം വന്നാല്‍ അംഗീകരിക്കുമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടും പഞ്ചിങ്ങിന് ഡോക്ടര്‍മാര്‍ തയ്യാറാകുന്നില്ല. പല ഡോക്ടര്‍മാരും അവര്‍ എടുക്കേണ്ടത്ര ക്ലാസുകള്‍ എടുക്കുന്നില്ലെന്ന് പരാതിയുണ്ട്. മാസത്തില്‍ രണ്ടും നാലും മണിക്കൂര്‍ മാത്രം ക്ലാസെടുക്കുന്ന അധ്യാപകരും മെഡിക്കല്‍ കോളജിലുണ്ട്. പല ഡോക്ടര്‍മാരും രോഗികളെ പരിശോധിക്കുവാന്‍ സമയത്തിനു മെഡിക്കല്‍ കോളജിലെത്താറില്ല. രാവിലെ 11ന് വന്ന് ഒരു മണിക്കുമുമ്പെ ആശുപത്രിയില്‍ നിന്ന് മുങ്ങുകയാണ്. വാര്‍ഡ് പരിശോധനയും ഒ പി പരിശോധനയും പി ജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരുമാണു കൈകാര്യം ചെയ്യുന്നത്.
Next Story

RELATED STORIES

Share it