പഞ്ചാബ് പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

ന്യൂഡല്‍ഹി: ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസിലെ സാക്ഷിയായ വൈദികന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൂന്നു ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട പ്രത്യേക മെഡിക്കല്‍ സംഘം ഇന്നലെ വൈകീട്ട് ആറരയോടെയാണ് വൈദികന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഹൊഷിയാര്‍പൂരിലെ ദസുവയിലെ സെന്റ് പോള്‍സ് കോണ്‍വെന്റിനോട് ചേര്‍ന്ന കെട്ടിടത്തിലെ താമസസ്ഥലത്തു തിങ്കളാഴ്ചയാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്നത് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചു വരികയാണെന്ന് ഡിഎസ്പി എ ആര്‍ ശര്‍മ പറഞ്ഞു. ആന്തരികമായോ ബാഹ്യമായോ പരിക്കുകളില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ പ്രാഥമിക സൂചനകള്‍. അതേസമയം മരണവുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുത്ത സാഹചര്യത്തില്‍ ആന്തരികാവയവങ്ങള്‍ വിശദമായ പരിശോധനയ്ക്ക് അയക്കും. മരണകാരണം അവയവങ്ങളുടെ പരിശോധനാ ഫലങ്ങള്‍ ലഭിച്ചശേഷം മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പത്തോളജി, ഹിസ്‌റ്റോളജി ഫലങ്ങള്‍ ലഭിക്കാന്‍ മാസങ്ങളെടുക്കും. രാസപരിശോധനയ്ക്ക് മൂന്ന് മാസവും ആന്തരിക അവയവങ്ങളുടെ പരിശോധനയ്ക്ക് ഒന്നര മാസവുമെടുക്കും.
ഭൗതിക ശരീരം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സെന്റ് മേരീസ് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് രാത്രി ലുധിയാനയിലെത്തിച്ച് എംബാം ചെയ്ത് ഇന്നുതന്നെ കേരളത്തിലെത്തിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. കേരളത്തിലെത്തിച്ച ശേഷം അവിടെവച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നെങ്കിലും മരണം നടന്ന സ്ഥലത്തുവച്ചുതന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാണു നിയമം അനുശാസിക്കുന്നതെന്നതിനാല്‍ നടന്നില്ല. പഞ്ചാബില്‍ പോസ്റ്റ്‌മോര്‍ട്ടം നടന്നാലും കേരളത്തില്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.
വൈദികന്റെ ബന്ധുക്കള്‍ കേരളത്തില്‍ പോലിസില്‍ പരാതിനല്‍കിയിട്ടുണ്ട്. ഇന്നലെ കേരളത്തില്‍ നിന്ന് ഫാ. കുര്യാക്കോസിന്റെ സഹോദരന്‍ ഹോഷിയാര്‍പൂരില്‍ എത്തുകയും പോലിസിന്റെ നിയന്ത്രണത്തിലുള്ള വൈദികന്‍ മരിച്ചുകിടന്ന മുറിയിലും ഇവര്‍ പരിശോധന നടത്തുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കള്‍ മരണത്തില്‍ അസ്വഭാവികതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഹോഷിയാര്‍പൂര്‍ പോലിസിലും പരാതിനല്‍കി. ഇതോടെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പിന്നീടാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടന്നത്.
കേരളത്തില്‍ നിന്നുള്ള സഹോദരന്‍ ജോസ് കാട്ടുതറയ്ക്കു പുറമേ വൈദികന്റെ വിദേശത്തുള്ള മറ്റൊരു സഹോദരനും ഇന്നലെ സ്ഥലത്തെത്തിയിരുന്നു. ഫാ. കുര്യാക്കോസിന്റെ സഹോദരന്‍ ഉള്‍െപ്പടെ ബന്ധുക്കളില്‍ നിന്നു മൊഴിയെടുത്തെന്നും പോലിസ് വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ കോണ്‍വെന്റ് പരിസരത്തെ താമസസ്ഥലത്തെ മുറിയില്‍ കിടക്കയില്‍ അബോധ നിലയില്‍ കണ്ടെത്തിയ വൈദികനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഫാ. കുര്യാക്കോസിന് അന്തിമോപചാരം അര്‍പ്പിച്ച് ഇന്നലെ ജലന്ധര്‍ രൂപതയില്‍ ചണ്ഡീഗഡ് ബിഷപ് ഡോ. ഇഗ്‌നേഷ്യസ് മസ്‌ക്രീനാസ്, ജലന്ധര്‍ രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. ആഞ്ജലോ ഗ്രേഷ്യസ് എന്നിവരുടെ കാര്‍മികത്വത്തില്‍ പ്രത്യേക കുര്‍ബാന നടന്നു. വൈദികന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങള്‍ സുതാര്യമായി നടക്കുന്നതിന് പൂര്‍ണമായും സഹകരിക്കുമെന്ന് ജലന്ധര്‍ രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. ആഞ്ജലോ ഗ്രേഷ്യസ് പ്രസ്താവനയില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it