Kottayam Local

പച്ചക്കറി കൃഷിയില്‍ വിപ്ലവം സൃഷ്ടിച്ച് അബ്ദുല്‍ സലാമും കുടുംബവും



ഈരാറ്റുപേട്ട: പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിച്ച് ഒരു കുടുംബം. ഈരാറ്റുപേട്ട പഴയമ്പള്ളില്‍ അബ്ദുല്‍ സലാം, ഭാര്യ വി പി ബഷീറ എന്നിവരാണു പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത  നേടിയതൊടൊപ്പം നാട്ടുകാര്‍ക്കു മാതൃകയുമായിരിക്കുന്നത്്. മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്ന പച്ചക്കറിയിലെ കൊടിയ വിഷത്തെ കുറിച്ച് കേട്ടറിഞ്ഞ നാള്‍ മുതലാണ് സ്വന്തമായി കൃഷി ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതെന്ന് അബ്ദുല്‍ സലാം പറഞ്ഞു. പച്ചക്കറി വിത്തുകള്‍ വെറുതെ നട്ടതു കൊണ്ട് കറിവക്കാന്‍ കിട്ടില്ല എന്നു മനസ്സിലാക്കിയതോടെ വിദഗ്ധരുടെ സഹായം അവലംബിക്കുകയായിരുന്നു.  പടവലം, വെണ്ട, പാവല്‍, പയര്‍, വഴുതന,  പലയിനം ചീര, കോവക്ക,  മുരിങ്ങ എന്നിവയെല്ലാം നട്ടു നനച്ചു വളര്‍ത്തി ജൈവ കൃഷിയിലൂടെ വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുന്നു. തൊടി നിറയെ പച്ചക്കറി ഉണ്ടെങ്കിലും വിലയ്ക്കു നല്‍കാറില്ല, ആവശ്യക്കാര്‍ക്ക് ഒരു കറിക്കുള്ളതു പറിച്ചു നല്‍കുമെന്ന്് അബ്ദുല്‍ സലാം പറയുന്നു. ഇഷ്ടക്കാര്‍ക്കും അയല്‍വാസികള്‍ക്കും നല്‍കും. കഴിഞ്ഞ മാസം പറമ്പു നിറയെ മുരിങ്ങക്കായ കൊണ്ട് നിറഞ്ഞിരുന്നു. പച്ചക്കറി മാത്രമല്ല പറമ്പു നിറയെ പഴവര്‍ഗങ്ങളും നട്ടുവളര്‍ത്തിട്ടുണ്ട്. റംപുട്ടാന്‍, പലതരം ഫിലേസാന്‍ , പലയിനം മാവ് , പേര, ഫാഷന്‍ ഫ്രൂട്ട്, ആകാശ വെള്ളരി, മുള്ളാത്ത, ചാമ്പകള്‍, ചീമ നെല്ലി, ഔഷധ സസ്യങ്ങള്‍, മഞ്ഞള്‍, ഇഞ്ചി, ചേമ്പ് ,കാച്ചില്‍, ചേന, മീന്‍ വളര്‍ത്തല്‍ എന്നു വേണ്ട എല്ലാത്തരം കൃഷികളുമുണ്ട്. ഭാര്യ വി പി ബഷീറ ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായിരുന്നു. രണ്ടു വര്‍ഷം മുമ്പ് വിരമിച്ചതോടെ ഇപ്പോള്‍ പച്ചക്കറി കൃഷിയില്‍ അബ്ദുല്‍ സലാമിനെ സഹായിക്കുന്നുണ്ട്. ഇനിയുള്ള കാലം വാങ്ങി കഴിക്കുന്നതിലും നാം തന്നെ കൃഷി ചെയ്യുന്നതാണ് നല്ലതെന്നു ടീച്ചര്‍ പറയുന്നു. വളരെ കുറഞ്ഞ സ്ഥലത്തും നമുക്കു കൃഷി ചെയ്യാം. ഒരു വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറിക്കു മനസ്സു വച്ചാല്‍ മതി. നമ്മുടെ കാലാവസ്ഥക്ക് അനുസൃതമായ കൃഷികള്‍ മാറി ചെയ്യണം. മഴക്കാലമായാല്‍ പോളിഹൗസിലേക്ക് കൃഷി മാറും. വിത്തുല്‍പ്പാദിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സബ്‌സിഡിയോടെ പോളി ഹൗസ് നിര്‍മിച്ചിട്ടുണ്ട്. മഴക്കാലത്ത് അവിടെ എല്ലാതരം കൃഷിയും ചെയ്യാം. എന്നാല്‍ വള്ളിയിനങ്ങളാണു കൂടുതലും വിളവ്ു ലഭിക്കുന്നത്. വെണ്ടയും വഴുതനയും പയറും പാവലുമൊക്കെ മാറിചെയ്യും. ഇനിയിപ്പോള്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അബ്ദുല്‍ സലാം. അതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പൂഞ്ഞാര്‍ കൃഷി ഓഫിസര്‍ റജിമോള്‍ തോമസില്‍ നിന്ന് ലഭിക്കുന്നുണ്ട്. സ്‌കൂളുകളില്‍ പച്ചക്കറി കൃഷി ആരംഭിച്ചതോടെ പല സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ തോട്ടം സന്ദര്‍ശിക്കുന്നുണ്ട്. കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അബ്ദുല്‍ സലാമിന്റെ കൃഷിയിടം മാതൃകയാണ്. കഴിഞ്ഞ വര്‍ഷം മികച്ച കര്‍ഷകനുള്ള അവാര്‍ഡും അബ്ദുല്‍ സലാമിനു ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it