palakkad local

പകര്‍ച്ചവ്യാധി: ഷൊര്‍ണ്ണൂര്‍ നഗരസഭാ അധികൃതര്‍ക്ക് കുലുക്കമില്ല

ഷൊര്‍ണ്ണൂര്‍: മുനിസിപ്പല്‍ പരിസര പ്രദേശങ്ങളിലെ മാലിന്യ നീക്കം നിലച്ചിട്ട് രണ്ടാഴ്ചയായിട്ടും അധികാരികള്‍ക്ക് കുലുക്കമില്ല. കുത്തിയൊലിക്കുന്ന മഴയില്‍ മലിന ജലം സമീപ പ്രദേശത്തെ കിണറുകളില്‍ ഒലിച്ചിറങ്ങുകയാണ്. ഇടവഴികളില്‍ ചില കച്ചവടക്കാര്‍ വലിച്ചെറിയുന്ന മാലിന്യം കാരണം തെരുവ് നായ്ക്കളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്.  കഴിഞ്ഞ ദിവസങ്ങളില്‍ ഷൊര്‍ണ്ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നാന്നൂറോളം പേരാണ് പനി സംബന്ധമായ ചികില്‍സയ്‌ക്കെത്തിയത്. ഇതില്‍ മൂന്നു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുമുണ്ട്.
പകര്‍ച്ചവ്യാധി ആശങ്കയില്‍ ജനം കഴിയുമ്പോഴും യാതൊരു നടപടിയും നഗരസഭ സ്വീകരിക്കുന്നില്ല. മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ പരിമിതികള്‍ ഉണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. പനി ബാധിച്ചെത്തുന്നവര്‍ക്ക് ലാബ് സൗകര്യങ്ങള്‍ ഒരുക്കുന്നതിന്നു വേണ്ടി ഒരു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ ലാബ് മെഷീന്‍ ഇന്നും  നോക്കുകുത്തിയായി നില്‍ക്കുകയാണ്.
ആശുപത്രി അധികാരികളും മുനിസിപ്പല്‍ അധികാരികളും പരസ്പരം പഴി ചാരികൊണ്ട് സ്വകാര്യ ലാബുകാര്‍ക്ക് പണം കൊയ്യാനുള്ള അവസ്ഥയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. നഗരസഭാ പരിധിയിലെ മാലിന്യം സംസ്‌കരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ഷൊര്‍ണ്ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന്മുനിസിപ്പല്‍ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it